'രമേശ് അങ്കിളിന്' ഇ-മെയിൽ അയച്ചു; ദീപ്തക്ക് ഫോണായി
text_fieldsകാക്കനാട്: 'സർ, എനിക്ക് പഠിക്കാൻ ഫോൺ വാങ്ങിത്തന്ന് സഹായിക്കാമോ? ഇപ്പോൾ ഫോൺ വാങ്ങാനുള്ള കാശൊന്നും എെൻറ അച്ഛെൻറ കൈയിലില്ല. അച്ഛന് കിട്ടുന്ന ശമ്പളം വീട്ടുവാടക കൊടുക്കാനും വയ്യാത്ത അച്ചാച്ചനും അമ്മാമ്മക്കും മരുന്നുവാങ്ങാനുമേ തികയൂ... ഞാൻ ചോദിക്കുന്നത് തെറ്റാവില്ലല്ലോ? എനിക്കും അനിയനും പഠിക്കാൻ ഒരു ഫോണെങ്കിലും സഹായിക്കാമോ...' കഴിഞ്ഞദിവസം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയും ആയ രമേശ് ചെന്നിത്തലക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിലെ വാചകങ്ങളാണ് ഇത്. തൃക്കാക്കര കാർഡിനൽ സ്കൂളിലെ ഏഴാം ക്ലാസുകാരി എറണാകുളം കങ്ങരപ്പടിയിലെ എം.ജി.എം ഹാളിന് സമീപം താമസിക്കുന്ന സുജേഷിെൻറ മകൾ ദീപ്ത കീർത്തിയാണ് കത്തയച്ചത്. ദീപ്തയുടെ കത്ത് ലഭിച്ചതോടെ ഫോണും തേടിയെത്തി.
വെള്ളിയാഴ്‌ചയാണ് ദീപ്ത ഇ-മെയിൽ അയച്ചത്. മെയിൽ ശ്രദ്ധയിൽ പെട്ട രമേശ് ചെന്നിത്തല തൃക്കാക്കര നഗരസഭ അധികൃതരെ നേരിട്ട് ബന്ധപ്പെട്ട് എത്രയും വേഗം മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിലെ വിദ്യാർഥിക്ക് രമേശ് ചെന്നിത്തല ഫോൺ നൽകിയ വാർത്ത കണ്ട ബന്ധു ആരതിയാണ് ദീപ്തയോട് ഇ-മെയിൽ ചെയ്യാെമന്ന ആശയം മുന്നോട്ടുവെച്ചത്. ഇരുവരും ചേർന്ന് ഗൂഗ്ളിൽനിന്ന് ഇ-മെയിൽ വിലാസം കണ്ടെത്തി കാര്യങ്ങൾ വ്യക്തമാക്കി സന്ദേശമയക്കുകയായിരുന്നു.
സ്പോൺസർമാരുടെ സഹായത്തോടെ ലഭ്യമാക്കിയ ഫോൺ ചൊവ്വാഴ്ച തൃക്കാക്കര മുനിസിപ്പൽ ഓഫിസിൽ വെച്ച് നഗരസഭ അധ്യക്ഷ അജിത തങ്കപ്പനാണ് മാതാവ് അനീഷ്യക്കൊപ്പമെത്തിയ ദീപ്തക്ക് ഫോൺ കൈമാറിയത്. ചെന്നിത്തലയുടെ പി.എയും തൃക്കാക്കര നഗരസഭ അധ്യക്ഷയും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നെങ്കിലും ഇത്രയും വേഗം ഫോൺ കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് മാതാവ് അനീഷ്യയും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.