റവന്യു ഓഫിസുകളിൽ സെർവർ തകരാർ പതിവ്; ഉപഭോക്താക്കൾ നട്ടം തിരിയുന്നു
text_fieldsമട്ടാഞ്ചേരി: സെർവർ തകരാറാകുന്നത് പതിവായതോടെ വിവിധ ആവശ്യങ്ങൾക്ക് റവന്യൂ ഓഫിസുകളിൽ എത്തുന്നവർ നട്ടം തിരിയുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫലം വന്നതിന് പിറകെ തുടർ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ ഓഫിസ് കയറിയിറങ്ങി വലയുകയാണ്.
ഓൺലൈൻ അപേക്ഷകളായതിനാൽ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് സെർവർ തകരാർ തടസ്സമായിരിക്കുകയാണ്. നിരവധിപേരാണ് വില്ലേജ്, താലൂക്ക് ഓഫിസുകളിൽ കയറിയിറങ്ങി നടക്കുന്നത്.നിരന്തര സെർവർ തകരാർ റവന്യൂ ഓഫിസുകളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നതായി പരാതി ഉയർന്നിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. സെർവർ സാങ്കേതിക തകരാർ മൂലം കഴിഞ്ഞ ഒരാഴ്ചയിലേറെയായി വില്ലേജ് ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വട്ടം ചുറ്റുകയാണ്.
രാവിലെ കുറച്ച് സമയം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ജീവനക്കാരും പറയുന്നു. ചില വില്ലേജുകളിൽ എ.ടി.എം കാർഡുള്ളവരിൽനിന്ന് മാത്രം പണം സ്വീകരിക്കുന്നുണ്ട്. ഇത് പ്രായമായവരെയും കാർഡ് ഉപയോഗിക്കാത്തവരെയും ബുദ്ധിമുട്ടിലാക്കുന്നു. ശക്തമായ പ്രതിഷേധം ഉയർന്നിട്ടും തകരാർ ശാശ്വതമായി പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.