കടകളിൽ വെള്ളം കയറുന്നു; കച്ചവടക്കാർ ദുരിതത്തിൽ
text_fieldsമട്ടാഞ്ചേരി: കൊട്ടിയാഘോഷിച്ച് നവീകരണം നടത്തിയ മട്ടാഞ്ചേരി ജൂതത്തെരുവിൽ സിനഗോഗിലേക്കുള്ള വഴി ചെറുമഴക്ക് പോലും വെള്ളക്കെട്ടിൽ മുങ്ങുന്നു.
ഇരുവശത്തുമുള്ള കടകളിൽ വെള്ളം കയറിയതോടെ കച്ചവടക്കാരും ദുരിതത്തിലായി. കൊച്ചി സ്മാർട്ട് മിഷെൻറ നേതൃത്വത്തിൽ പൈതൃക തനിമയോടെ സൗന്ദര്യവത്കരണം നടത്തിയതാണ് ഇപ്പോൾ പ്രദേശത്തെ കച്ചവടക്കാർക്ക് വിനയായി മാറിയത്. വൈദ്യുതി കേബിളുകൾ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുകയാണ്.
ചെറുമഴയത്ത് പോലും വിളക്കുകൾ മിഴിയടക്കും. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇടക്ക് ഷോക്ക് അനുഭവപ്പെടുന്നതായും പറയുന്നുണ്ട്. പാതയിൽ നേരത്തേ വിരിച്ചിരുന്ന പഴയ കല്ലുകൾ (കച്ചി കല്ലുകൾ) ഇളക്കിമാറ്റിയാണ് നവീനമായ അലങ്കാര കല്ലുകൾ പാകിയിരിക്കുന്നത്. ഇതോടെ ഇരുവശത്തെയും കടകളുടെ നിരപ്പിനേക്കാൾ പാത ഉയർന്നു. ഡ്രൈനേജ് സംവിധാനങ്ങൾ വേണ്ടവിധം ഒരുക്കാത്തതും വിനയായി. പൗരാണിക കടകൾ ആയതിനാൽ ഇനി ഉയർത്തിപ്പണിയാനും കഴിയില്ല.
പത്തുമിനിറ്റ് നിർത്താതെ മഴപെയ്താൽ കടകളിൽ വെള്ളം നിറയും. ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കടക്കാർ. സഞ്ചാരികൾ ഏറെയെത്തുന്ന മേഖലയായതിനാൽ കശ്മീരികൾ അടക്കമുള്ളവരാണ് ഇവിടത്തെ കച്ചവടക്കാർ. ആകാശത്ത് മഴക്കാർ കാണുമ്പോൾ കച്ചവടക്കാരുടെ നെഞ്ചിടിപ്പേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.