കുട്ടികളുടെ പാർക്കിൽ വീണ്ടും പാമ്പ്; കുടുംബങ്ങൾ ഭയന്നോടി
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിലെ പാമ്പുശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാരും സഞ്ചാരികളും. ശനിയാഴ്ച കുട്ടികളുമായി പാർക്കിൽ ഉല്ലസിക്കാനെത്തിയ കുടുംബങ്ങൾ പാമ്പുശല്യം മൂലം ഭയന്നോടേണ്ടിവന്നു.
രാവിലെ 11ഓടെ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് കളി ഉപകരണത്തിനടിയിൽ വലിയ പാമ്പിനെ കണ്ടത്. കരച്ചിൽകേട്ട് പാർക്കിൽ എത്തിയവരെല്ലാം പുറത്തേക്ക് ഓടുകയായിരുന്നു. വൈകീട്ട് ഊഞ്ഞാലിനുസമീപത്തേക്ക് വരുകയായിരുന്ന പാമ്പിനെക്കണ്ട് ഭയന്ന് ഉല്ലാസത്തിനെത്തിയവർ ഓടി.
ലോക്ഡൗണിനെത്തുടർന്ന് പാർക്ക് അടച്ചിട്ടതോടെ ശുചീകരണ പ്രവർത്തനങ്ങൾ മുടങ്ങുകയും സസ്യങ്ങൾ വളർന്ന് കാടുപിടിക്കുകയുമായിരുന്നു. ലോക്ഡൗൺ ഇളവിനെത്തുടർന്ന് നഗരസഭയുടെ കീഴിെല കുട്ടികളുടെ പാർക്ക് തുറന്നുകൊടുത്തെങ്കിലും കാട് വെട്ടിത്തെളിയിച്ചിരുന്നില്ല. പാമ്പുശല്യം ഒഴിവാക്കണമെന്നും വിളക്കുകൾ തെളിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചി പൗരസമിതി ടൂറിസം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.
പാർക്കിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ ആൻറണി കുരീത്തറയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് പൗരസമിതി പ്രസിഡൻറ് പി.എസ്. അബ്ദുക്കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.