ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസ് കസേരയിൽ ഹാജരായി പാമ്പ് 'സർ'
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസിൽ സന്ദർശകർക്ക് ഇരിക്കാനിട്ടിരുന്ന കസേരയിൽ പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് ആർ.ഡി ഓഫിസിൽ എത്തിയ യുവതിയാണ് സന്ദർശകർക്ക് ഇരിക്കാനിട്ടിരുന്ന പ്ലാസ്റ്റിക്ക് കസേരയുടെ കുഴിയുള്ള ഭാഗത്ത് ചുരുണ്ടുകൂടി കിടക്കുന്ന വെള്ളിവരയൻ പാമ്പിനെ കണ്ടത്.
യുവതി ബഹളം വെച്ചതോടെ ജീവനക്കാരും പരിഭ്രാന്തരായി. തുടർന്ന് പാമ്പ് പിടിത്ത വിദഗ്ധൻ ദിനേശ് പൈ എത്തി പാമ്പിനെ പിടികൂടി. ഇതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. ഒരേ കെട്ടിടത്തിൽ തന്നെ മുകളിലും താഴെയുമായാണ് കൊച്ചി താലൂക്ക് ഓഫിസും ആർ.ഡി ഓഫിസും പ്രവർത്തിക്കുന്നത്.
നേരത്തേ താഴെയുള്ള താലൂക്ക് ഓഫിസിൽ അണലി ഉൾപ്പെടെയുള്ള പാമ്പുകളെ കണ്ടെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് അന്നത്തെ ഒരു ഡെപ്യൂട്ടി തഹസിൽദാർ ഓഫിസിലെത്തി കസേരയിൽ ഇരിക്കും മുമ്പ് ടവൽ കുടഞ്ഞപ്പോൾ അതിൽ നിന്ന് അണലിയെ കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. അന്ന് ഭാഗ്യം കൊണ്ടാണ് ആ ഉദ്യോഗസ്ഥൻ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ഓഫിസിലെത്തുന്ന പൊതുജനം ഉപയോഗിക്കുന്ന ശുചിമുറിയിലെ ബക്കറ്റിൽ മലമ്പാമ്പിനെയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഓഫിസ് ജീവനക്കാർ കൈ കഴുകുന്ന ഭാഗത്തും ടൈപ്പിസ്റ്റ് റൂമിലും അണലിയെ കണ്ടെത്തിയിരുന്നു.
പാമ്പുകളെ സ്ഥിരമായി കാണാൻ തുടങ്ങിയതോടെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവരും ഭീതിയിലാണ്. ഓഫിസ് കെട്ടിടത്തിന്റെ പുറക് വശം കാടു പിടിച്ച് കിടക്കുകയാണ് .ഇവിടെ പുതിയ ആർ.ഡി ഓഫിസ് നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും ചുവപ്പുനാടയിൽ കുടുങ്ങിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.