സോളിഡാരിറ്റി സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും; വിപുലമായ ഒരുക്കം
text_fieldsകൊച്ചി: 'വിശ്വാസത്തിന്‍റെ അഭിമാനസാക്ഷ്യം വിമോചനത്തിന്‍റെ പാരമ്പര്യം' പ്രമേയത്തിലൂന്നി എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് രണ്ടാം സംസ്ഥാന സമ്മേളനത്തിന് കലൂർ ഇന്‍റർനാഷനൽ സ്റ്റേഡിയം ഒരുങ്ങി. ശനിയും ഞായറുമായി നടക്കുന്ന സമ്മേളനത്തിന് മഴകൂടി മുന്നിൽകണ്ടാണ് പന്തൽ സംവിധാനിച്ചിരിക്കുന്നത്. മഴ തുടർന്നാലും സമ്മേളനത്തിന് തടസ്സം വരാത്തവിധം മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രതിനിധി സമ്മേളനം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽതന്നെയാണ് പൊതുസമ്മേളനവും.
ശനിയാഴ്ച രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ 10,000 യുവജന പ്രതിനിധികളാണ് പങ്കെടുക്കുക. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് മില്ലികോൺഫറൻസിൽ മുനവറലി ശിഹാബ് തങ്ങൾ, അബ്ദു ശുക്കൂർ ഖാസിമി, എം. സലാഹുദ്ദീൻ മദനി, ടി.കെ. അഷ്റഫ്, വി.എച്ച്. അലിയാർ ഖാസിമി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് 'യുവത്വം ഫാഷിസത്തിന് പ്രതിരോധമൊരുക്കുന്നു' തലക്കെട്ടിൽ സംഘടിപ്പിക്കുന്ന 'യൂത്ത് മൊമന്‍റം' പരിപാടിയിൽ ആദിത്യ മേനോൻ, മാങ് തെയ്ൻ ശ്വീ (സ്വതന്ത്ര റോഹിങ്ക്യ കൂട്ടായ്മ), റിജാഉൽ കരീം, ആസിഫ് മുജ്തബ, വലി റഹ്മാനി തുടങ്ങിയവർ പങ്കെടുക്കും.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന് യുവജന റാലിക്ക് ശേഷം കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിൽ നടക്കുന്ന ബഹുജന സമ്മേളനത്തിൽ പതിനായിരങ്ങൾ പങ്കെടുക്കും. നാലുമണിക്ക് പൊതുസമ്മേളനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.