സ്റ്റേജ് ഷോകൾ തിരിച്ചെത്തുന്നു; പുതിയ ഭാവത്തിൽ
text_fieldsകൊച്ചി: വേദി കീഴടക്കി തകർത്ത് അഭിനയിക്കുന്ന കലാകാരന്മാർ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവർ സദസ്സ് കൈയിലെടുക്കുമ്പോൾ ആസ്വാദകരുടെ മനം നിറഞ്ഞിരുന്നു. കോവിഡുകാലം ഇല്ലാതാക്കിയ ആ മനോഹര അനുഭവം പുതിയ ഭാവത്തിൽ തിരിച്ചെത്തുകയാണ്.
സ്റ്റേജ് ഷോകൾ വിഡിയോയിൽ പകർത്തി ദൃശ്യങ്ങൾ സംഘാടകർക്ക് എത്തിക്കുകയാണ് കൊച്ചിൻ ഗിന്നസ്. സ്റ്റേജ് ഷോകൾ നന്നേ ഇല്ലാതായ സമയത്താണ് ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച് കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളുടെ യു.എ.ഇ കേന്ദ്രീകരിച്ചുള്ള പ്രവാസി സംഘടന 33ാം വാർഷികം നടത്താൻ തീരുമാനിച്ചത്. ബ്ലൂം-2020 എന്ന പേരിൽ ഡിസംബർ രണ്ടിന് നടക്കുന്ന പരിപാടിയിൽ കൊച്ചിൻ ഗിന്നസിെൻറ കോമഡി പരിപാടി ബുക്ക് ചെയ്തു.
നേരിട്ട് എത്തി പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വിഡിയോ ചിത്രീകരിച്ച് അയച്ചുകൊടുക്കാനും അത് പരിപാടിയിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചത്. വാർഷികാഘോഷത്തിലേക്കുള്ള കോമഡി സ്കിറ്റുകളുടെയും അനുബന്ധ പരിപാടികളുടെയും ചിത്രീകരണം വ്യാഴാഴ്ച കൊച്ചിൻ കലാഭവനിൽ നടന്നു.
പ്രമുഖ കലാകാരന്മാർ അണിനിരന്ന പരിപാടികൾ നാല് കാമറയിലാണ് ചിത്രീകരിച്ചത്.
ഭാവിയിൽ തത്സമയം പരിപാടികൾ ചിത്രീകരിച്ച് മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന സ്റ്റേജ് പ്രോഗ്രാമുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി മിമിക്രി കലാകാരൻ കെ.എസ്. പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.