ഹാർബർ നവീകരണത്തിലെ സ്തംഭനാവസ്ഥ: കൊച്ചിൻ പോർട്ട് ആസ്ഥാനം ഉപരോധിച്ചു; പ്രതിഷേധമിരമ്പി
text_fieldsമട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊച്ചിൻ പോർട്ട് ആസ്ഥാനം ഉപരോധത്തിൽ പ്രതിഷേധമിരമ്പി. നൂറുകണക്കിന് തൊഴിലാളികളാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. രാവിലെ ആറിന് തന്നെ സമരം ആരംഭിച്ചു. ഹാർബർ ഉപഭോക്താക്കൾക്ക് പുറമേ വ്യാപാരികൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ സമരത്തിൽ അണിനിരന്നു.
ഹാർബർ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. കരയും കടലും കുത്തകകൾക്ക് തീറെഴുതുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
സംരക്ഷണ സമിതി ചെയർമാൻ കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചിയുടെ ജീവനും ജീവനോപാധിയുമായ ഫിഷറീസ് ഹാർബർ സംരക്ഷിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർമാരായ ടി.കെ. അഷറഫ്, ആന്റണി കുരീത്തറ, ബെനഡിക്റ്റ് ഫർണാണ്ടസ്, പി.എം. ഇസ്മുദ്ദീൻ, കെ.എ. മനാഫ്, ഷൈല തദേവൂസ്, ഷീബാ ഡ്യൂറോം, സമര സമിതി വൈസ് ചെയർമാൻ എ.എം. നൗഷാദ്, കെ.എൻ. ഗോപിനാഥ്, സി.ബി റഷീദ്, സി.എസ്. യൂസഫ്, എൻ.കെ. നാസർ, എം. മജീദ്, സിബി പുന്നൂസ്, ഹംസക്കോയ, എൻ.എ. ഇസ്ഹാഖ്, എ.എസ്. ഷാജി, ജാക്സൺ പൊള്ളയിൽ, പി.എ. നൗഷാദ്, കെ.ബി. ഉമ്മർ എന്നിവർ സംസാരിച്ചു.
2021-22 കേന്ദ്ര ബജറ്റിൽ രാജ്യത്തെ അഞ്ച് മത്സ്യബന്ധന തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ തെരഞ്ഞെടുക്കപ്പെട്ടവയിൽ ഒന്ന് കൊച്ചിൻ പോർട്ടിന് കീഴിലുള്ള കൊച്ചി ഹാർബറായിരുന്നു. 167 കോടിയുടെ പദ്ധതിയിൽ ആധുനിക മത്സ്യശേഖരണ സംവിധാനം, കയറ്റിറക്ക് സൗകര്യം, ശുചിമുറി, വിശ്രമ കേന്ദ്രം, താപനില നിയന്ത്രിത ലേല കേന്ദ്രം, പാക്കിങ് യൂനിറ്റുകൾ ഉൾപ്പെടെയാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ, 50 ശതമാനം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയ ശേഷം നിർമാണം അനിശ്ചിതാവസ്ഥയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.