കൂത്താട്ടുകുളത്ത് കൊടുങ്കാറ്റ്
text_fieldsകൂത്താട്ടുകുളം : നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ അരക്കോടിയുടെ നാശനഷ്ടം. വിവിധ ഡിവിഷനുകളിൽ വെള്ളിയാഴ്ച രാവിലെയാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. നിരവധി വീടുകൾക്ക് മുകളിൽ മരം കടപുഴകി വീണു. ഒരാൾക്ക് പരിക്കേറ്റു.
രണ്ട് വീടുകൾ പൂർണമായും, 22 വീടുകൾ ഭാഗികമായും തകർന്നു. 18ാം - ഡിവിഷൻ നമ്പേലിൽ കോളനി വെട്ടുകുരുത്തേൽ വിജയന്‍റെ വീട്ടിലേക്ക് മരം ഒടിഞ്ഞ് വീണ് ഭാര്യ ഭാമക്ക് (56) ഗുരുതര പരിക്കേറ്റു. ഇവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്താട്ടുകുളം, തിരുമാറാടി മേഖലകളിൽ രണ്ട് വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നതായി മൂവാറ്റുപുഴ തഹസിൽദാർ കെ.എസ്. സതീശൻ പറഞ്ഞു. മറ്റു മേഖലകളിലും കാറ്റ് നാശം വിതച്ചു.
മരങ്ങൾ മുറിച്ചുമാറ്റണം
മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പ്രദേശവാസികളുടെ പുരയിടത്തില്‍ നിന്നും അയല്‍ വീടുകളിലേക്ക് അപകടകരമായ വിധത്തില്‍ ചാഞ്ഞ് നില്‍ക്കുന്നതും അയല്‍വാസികളുടെ വീടിനും സ്വത്തിനും ഭീഷണിയുള്ളതുമായ മരങ്ങള്‍ ഉടമ തന്നെ വെട്ടിമാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം അയല്‍വാസികള്‍ക്കുണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവാദിത്തം ഉടമസ്ഥനാണെന്നും സെക്രട്ടറി അറിയിച്ചു.
നഷ്ടപരിഹാരം വേഗത്തിലാക്കും –കലക്ടര്‍
കോതമംഗലം: കനത്ത കാറ്റിലും മഴയിലും ദുരിതത്തിലായവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മാലിക്. ഇതിനായി നാശനഷ്ടങ്ങള്‍ വിലയിരുത്തി ഓണ്‍ലൈന്‍ പോര്‍ട്ടല്‍വഴി സമര്‍പ്പിക്കും. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായ അയ്യങ്കാവ്, വലിയകാവ്, വലിയപാറ മേഖലകളായിരുന്നു സന്ദര്‍ശിച്ചത്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്ന കെ.എന്‍. മണി, ഇ.എ. ഉണ്ണികൃഷ്ണന്‍, ചിന്നമ്മ ആന്റണി, ലാലി വര്‍ഗീസ് എന്നിവരുടെ വീടുകൾ സന്ദർശിച്ചു.
ഒരേക്കര്‍ സ്ഥലത്തെ റംബുട്ടാന്‍ കൃഷി പൂര്‍ണമായും നശിച്ച മാര്‍ട്ടിന്‍ സണ്ണിയുടെ കൃഷിയിടവും സന്ദര്‍ശിച്ചു. മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍. അനി, കോതമംഗലം നഗരസഭ വൈസ് ചെയര്‍പേഴ്സൻ സിന്ധു ഗണേശന്‍, നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എ. നൗഷാദ്, തഹസില്‍ദാര്‍ കെ.എം. നാസര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കൃഷിനാശമുണ്ടായവര്‍ അപേക്ഷ നൽകണം
കോതമംഗലം: ശക്തമായ കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ പി.എന്‍. അനിയുടെ നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ഓഫിസില്‍ യോഗം ചേർന്നു. കൃഷിനാശമുണ്ടായവര്‍ എ.ഐ.എം.എസ് (AIMS) പോര്‍ട്ടല്‍ വഴി അപേക്ഷനൽകണം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
യോഗത്തില്‍ കോതമംഗലം നഗരസഭ വൈസ് ചെയര്‍പേഴ്സൻ സിന്ധു ഗണേശന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എ. നൗഷാദ്, തഹസില്‍ദാര്‍ കെ.എം. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.