തെരുവുനായ്ക്കളുടെ കൂട്ടക്കൊല: തൃക്കാക്കര നഗരസഭ ഓഫിസിൽ മൃഗസ്നേഹികളുടെ പ്രതിഷേധം
text_fieldsകാക്കനാട്: തെരുവുനായ്ക്കളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൃഗസ്നേഹികളുടെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിെൻറ നേതൃത്വത്തിൽ നായ്ക്കുട്ടികളെയും കൊണ്ടായിരുന്നു പ്രതിഷേധം.
കോഴിക്കോട് സ്വദേശികളായ മൂവർ സംഘത്തിന് നായ്ക്കളെ കൊല്ലാൻ ചുമതല നൽകിയത് നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുെന്നന്ന് കഴിഞ്ഞ ദിവസം പ്രതികൾ മൊഴി നൽകിയിരുന്നു. 50ഓളം നായ്ക്കളുടെ ജഡങ്ങളാണ് നഗരസഭയുടെ ഡംപിങ് യാർഡിന് സമീപത്തുനിന്ന് കണ്ടെടുത്തത്. കുറ്റവാളികൾക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
നഗരസഭക്ക് മുന്നിൽ നായ്ക്കുട്ടികളെ ഉയർത്തിപ്പിടിച്ചായിരുന്നു നിൽപ്സമരം. നഗരസഭ കവാടത്തിനുസമീപം കുത്തിയിരുന്ന് സമരം തുടരാൻ ശ്രമിക്കവെ പൊലീസ് ഇവരെ പുറത്താക്കി.
തൃക്കാക്കര നഗരസഭ കാര്യാലയ വളപ്പിൽ സമരങ്ങൾ വിലക്കി നേരേത്ത ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇടപെടൽ. തുടർന്ന്, ചത്ത നായ്ക്കളെ കുഴിച്ചിട്ടിരുന്ന നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിയ സമരക്കാർ നായ്ക്കളെ കുഴികുത്തിമൂടിയ സ്ഥലത്ത് ആദരാഞ്ജലി അർപ്പിച്ചു. മെഴുകുതിരി തെളിച്ച് പ്രതീകാത്മകമായി പ്രാർഥിച്ചശേഷമായിരുന്നു മടങ്ങിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ മൊഴിയെടുക്കുന്നതിന് ബുധനാഴ്ച ഹാജരായേക്കും. ബുധനാഴ്ച ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇൻഫോപാർക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.