ആംബുലൻസിലെത്തി അഭിനവ് കൃഷ്ണൻ എസ്.എസ്.എൽ.സി പരീക്ഷ എഴുതി
text_fieldsഅങ്കമാലി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തീവ്രപരിചരണത്തിലായ പത്താം ക്ലാസുകാരന് ആശുപത്രി അധികൃതരുടെ കനിവിൽ എസ്.എസ്.എൽ.സി പരീക്ഷ മുടങ്ങിയില്ല. അടിസ്ഥാന സംവിധാനമൊരുക്കി ആംബുലൻസിൽ സ്കൂളിലെത്തിച്ചാണ് വിദ്യാർഥി പരീക്ഷ എഴുതിയത്.
കഴിഞ്ഞ ബുധനാഴ്ച ബൈക്കപകടത്തിൽ പ്ലീഹക്കും (കശേരുക്കളിലെ രക്തം ശുചീകരിക്കുന്ന അവയവം) ഇടതു കാലിനും സാരമായി പരിക്കേറ്റ് അങ്കമാലി അപ്പോളോ അഡ്ലെക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിനവ് കൃഷ്ണക്കാണ് വെള്ളിയാഴ്ചത്തെ ഫിസിക്സ് പരീക്ഷ എഴുതാൻ ആശുപത്രി അധികൃതരുടെ ഇടപെടൽ തുണയായത്. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഭിനവിന്‍റെ കാലിനു പ്ലാസ്റ്റർ ഇട്ടെങ്കിലും പ്ലീഹയുടെ ശസ്ത്രക്രിയക്കായി ഗ്യാസ്‌ട്രോ സർജൻ ഡോ. കാർത്തിക് കുലശ്രേഷ്‌ഠയുടെ കീഴിൽ നിരീക്ഷണത്തിലായിരുന്നു. ഭക്ഷണം കഴിക്കാൻ സാധിക്കാത്തതുമൂലം ഐ.വി ഡ്രിപ്പും ഇട്ടിരുന്നു.
എന്നാൽ, പരിക്കിനെക്കാളും പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന ആശങ്കയായിരുന്നു അഭിനവിന്. അക്കാര്യം പങ്കുവെച്ചതോടെ ഡോക്ടർ അനുകൂല നിലപാടെടുക്കുകയും സംവിധാനം ഒരുക്കുകയും ചെയ്തു. എമർജൻസി വിഭാഗത്തിലെ ഡോ. സെറീൻ സിദ്ദീഖ്, നഴ്‌സ് മാർട്ടിൻ പോൾ, ഡ്രൈവർ വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ സർവസജ്ജമൊരുക്കിയ ആംബുലൻസിൽ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലാണ് അഭിനവിനെ പരീക്ഷ എഴുതാൻ സുരക്ഷിതമായി എത്തിച്ചത്.
ആംബുലൻസിനുള്ളിൽ ചാരിയിരുന്ന് പരീക്ഷ എഴുതിക്കഴിഞ്ഞ ശേഷം അതേ ആംബുലൻസിൽ ആശുപത്രിയിലേക്ക് മടങ്ങുകയും വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മുടങ്ങുമെന്ന് കരുതിയ എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ തുണയായി മാറിയ അപ്പോളോ എമർജൻസി വിഭാഗം ഡോക്ടർക്കും ജീവനക്കാർക്കും അഭിനവും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.