കിറ്റ് വിതരണം ചെയ്യില്ലെന്ന് റേഷൻ വ്യാപാരികൾ
text_fieldsമട്ടാഞ്ചേരി: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സെപ്പടാൻ സാധ്യത.
അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമീഷൻ ലഭിക്കാത്ത സാഹചര്യത്തിൽ ജനുവരിയിലെ കിറ്റുകൾ ഏറ്റെടുക്കേണ്ടതില്ലെന്ന് റേഷൻ വ്യാപാരികൾ തീരുമാനിച്ചതോടെയാണിത്. ഡിസംബറിലെ കിറ്റ് വിതരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്.
കിറ്റിന് 20 രൂപ വരെയാണ് റേഷൻ വ്യാപാരി സംഘടനകൾ കമീഷൻ ആവശ്യപ്പെട്ടത്. ഏഴുരൂപ വരെ നൽകാൻ സർക്കാർ തയാറായിരുന്നു.
എന്നാൽ, ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ വിതരണത്തിൽനിന്ന് തൽക്കാലം വിട്ടുനിൽക്കാനാണ് തീരുമാനം. ബാക്കി വരുന്ന കിറ്റുകൾ തിരിച്ചെടുക്കാത്തതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. റേഷൻ കടകളിൽ ഭൂരിഭാഗവും വലിയ സൗകര്യമില്ലാത്തവയാണ്. ഇവിടെ കൂടുതൽ സാധനങ്ങൾ സൂക്ഷിക്കുക ബുദ്ധിമുട്ടാകും. വിതരണശേഷം ബാക്കിയായ രണ്ടുമാസത്തെ മുന്നൂറിലേറെ കിറ്റുകൾ പല കടകളിലുമുണ്ട്. ഇവയിൽ പലതും മോശമാകുന്ന സാഹചര്യവുമുണ്ട്. ഇത് തിരികെ കൊണ്ടുപോകാൻ ഭക്ഷ്യവകുപ്പ് അധികൃതർ തയാറാകുന്നില്ല. കിറ്റുകൾ എത്തിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തിരിച്ചെടുക്കാൻ നിർദേശമില്ലെന്നുമാണ് ഭക്ഷ്യവകുപ്പ് അധികൃതരുടെ വിശദീകരണം. റേഷൻ വ്യാപാരികൾ നിലപാടിൽ ഉറച്ചുനിന്നാൽ കിറ്റ് വിതരണം പ്രതിസന്ധിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.