എറണാകുളം ജില്ലക്ക് മധുരിക്കും ബജറ്റ്
text_fieldsകൊച്ചി: വ്യവസായ മന്ത്രിയുടെ തട്ടകമായ ജില്ലക്ക് മികച്ച നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 1000 കോടി മുതൽ മുടക്കിൽ ഇരട്ട ബ്ലോക്കുകളുള്ള സയൻസ് പാർക്ക്, ഇൻഫോ പാർക്കിന് ഭൂമി ഏറ്റെടുക്കലിനും അടിസ്ഥാന സൗകര്യ വികസനത്തിനും മാർക്കറ്റിങ്ങിനുമായി 35.75 കോടി ഉൾപ്പെടെയുള്ള പദ്ധതികൾ ഇടംപിടിച്ചു. അതിലൂടെ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജില്ലക്ക് മധുരിക്കുന്നതായി.
കൊച്ചി നഗരത്തിന്റെ വെള്ളക്കെട്ട് നിവാരണം, അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിക്ക് സ്ഥലം ഏറ്റെടുക്കാൻ തുക എന്നിവയെല്ലാം ബജറ്റിൽ ഇടംപിടിച്ചു. ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽ ഉൾപ്പെടുത്തി 10,000 ഇ-ഓട്ടോ പുറത്തിറക്കാൻ സഹായം നൽകുമ്പോൾ ജില്ലക്കും അത് ഗുണം ചെയ്യും. കൊച്ചി കാൻസർ സെന്ററിന്റെ വിപുലീകരണവും ആശ്വാസം പകരുന്ന പദ്ധതിയാണ്.
നേട്ടമായ പദ്ധതികൾ
സർവകലാശാല കാമ്പസുകളിൽ ട്രാൻസേഷനൽ റിസര്‍ച് സെന്ററുകൾ വികസിപ്പിക്കും. സ്റ്റാര്‍ട്ടപ്, ഇന്‍കുബേഷന്‍ സെന്ററുകള്‍ സജ്ജമാക്കും. കുസാറ്റ്, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം.
കൊച്ചി സർവകലാശാല കാമ്പസിൽ ഹോസ്റ്റൽ മുറികൾ നിർമിക്കും
ജില്ല സ്കിൽ പാർക്കിന് 10 മുതൽ 15 ഏക്കർ വരെ ഏറ്റെടുക്കും
എറണാകുളം-കൊരട്ടി, എറണാകുളം- ചേര്‍ത്തല എന്നിവിടങ്ങിലെ വിപുലീകൃത ഐ.ടി ഇടനാഴികളിലാണ് 5ജി ലീഡര്ഷിപ് പാക്കേജ് ആദ്യം അവതരിപ്പിക്കുക
അങ്കമാലി കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിന് പുതിയ സാങ്കേതിക വന്യകൾ കരസ്ഥമാക്കാനും ആധുനിക ഉപകരണങ്ങൾ നിർമിച്ച് വിപണനം ചെയ്യാനുമുള്ള മൂലധന നിക്ഷേപമായി അഞ്ചുകോടി
ജലസേചന വകുപ്പിനുകീഴിലെ ഇടമലയാർ പ്രോജക്ട് 2025ഓടെ കമീഷൻ ചെയ്യും
തീരപ്രദേശങ്ങളെ മണ്ണൊലിപ്പിൽനിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് 100 കോടി. ഇത് ചെല്ലാനം മേഖലക്ക് ഗുണകരമാകും.
അലങ്കാര മത്സ്യകൃഷി പ്രോത്സാഹനത്തിന് ആലുവ കടുങ്ങല്ലൂരിലെ കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷനൽ ലിമിറ്റഡിന് 50 ലക്ഷം
കുടുംബശ്രീ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കൊച്ചി കോർപറേഷനിൽ സുസ്ഥിര ഉൽപന്ന വിതരണ ശൃംഖല രൂപവത്കരിക്കും.
സിയാലിന് പ്രവർത്തന മൂലധനം വർധിപ്പിക്കാൻ കേരള സർക്കാറിന്റെ അവകാശ മൂലധനം ഉറപ്പാക്കാൻ 200 കോടി
കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയിൽ ഗിഫ്റ്റ് സിറ്റി, വ്യവസായ ഇടനാഴി എന്നിവകളിലായി പ്രതീക്ഷിക്കുന്നത് 10,000 കോടിയുടെ നിക്ഷേപം. പദ്ധതിക്ക് ആവശ്യമായ 2000 ഏക്കറിൽ 1000 ഏക്കർ സംസ്ഥാന പ്ലാൻ വിഹിതം ഉപയോഗിച്ചും 1000 ഏക്കർ കിഫ്ബി ധനസഹായം ഉപയോഗിച്ചും ഏറ്റെടുക്കും.
കേരള സ്റ്റാർട്ടപ് മിഷന് കീഴിൽ കൊച്ചി ടെക്നോളജി ഇന്നൊവേഷൻ സോണിന് 20 കോടി
തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് ഉൾപ്പെടെ രണ്ട് റോഡുകളുടെ വികസനത്തിന് കിഫ്ബി വഴി 1500 കോടി
കേരള ഷിപ്പിങ് ആൻഡ് ഇൻലാന്‍ഡ് നാവിഗേഷൻ കോർപറേഷന് 8.31 കോടി
കൊച്ചി ജലമെട്രോ പദ്ധതി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ വഴി നടപ്പാക്കുന്നതിന് 150 കോടി രൂപ. ആകെ 682.01 കോടിയാണ് പദ്ധതിച്ചെലവ്. കൊച്ചിയിലെ 16 റൂട്ടുകളിലെ 38 ജെട്ടികൾ ഉൾപ്പെടെ 76 കി.മീ ജലപാതയുടെ വികസനമാണ് പദ്ധതിവഴി ലക്ഷ്യമിടുന്നത്.
കൊച്ചി നഗരത്തിലെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിന് പുതിയ റോ റോ സംവിധാനത്തിന് 10 കോടി
ക്രൂയിസ് ടൂറിസം പദ്ധതിയിൽ കൊച്ചിയും ഉൾപ്പെടുന്നു. പദ്ധതിക്ക് അഞ്ചുകോടി
കളമശ്ശേരി അസാപ് സ്കിൽ പാർക്കിൽ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കാൻ 35 കോടിയിൽനിന്ന് വിഹിതം
പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചേരാനല്ലൂർ അൽ ഫാറൂഖിയ സ്കൂളിന് എതിർവശത്തെ അകത്തട്ട് പുരയിടത്തിൽ സ്ഥാപിക്കും. കറുപ്പന്റെ പ്രതിമ ഉൾപ്പെടുന്ന സ്മാരകത്തിന് 30 ലക്ഷം
കൊച്ചി കാൻസർ റിസർച് സെന്ററിനെ മധ്യകേരളത്തിലെ ഒരു അപെക്സ് കാൻസർ സെന്ററായി വികസിപ്പിക്കും. 360 കിടക്കയുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം 2022-23 സാമ്പത്തിക വർഷം പൂർത്തീകരിക്കും. ഇതിന് 14.5 കോടി രൂപ.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 10 അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് അനുവദിക്കുന്ന 507 കോടിയിൽനിന്ന് കൊച്ചി മെട്രോ റെയിൽ, കൊച്ചി സംയോജിത ജലഗതാഗത സംവിധാനം എന്നിവക്ക് വിഹിതം
എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപറേഷൻ ബ്രേക്ത്രൂ പദ്ധതിക്ക് 10 കോടി
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാർട്ട് സിറ്റി മിഷൻ പദ്ധതിക്കുകീഴിൽ കൊച്ചിയുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ വിവിധ റോഡുകളുടെ ഡി.പി.ആർ തയാറാക്കാൻ അഞ്ചുകോടി
*എറണാകുളം ഫോർഷോർ റോഡിലെ ഗോത്രവർഗ സാംസ്കാരിക ഹബിന് 2.2 കോടി
14.5 കോടി; പ്രതീക്ഷയിൽ കാൻസർ സെന്റർ
കൊച്ചി: ബജറ്റിൽ 14.5 കോടി രൂപ അനുവദിച്ചതോടെ കളമശ്ശേരിയിലെ കൊച്ചി കാൻസർ സെന്ററിന്റെ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളക്കുന്നു. 2022-23 കാലയളവിൽ 360 കിടക്കയുള്ള കാൻസർ സെന്റർ കെട്ടിടത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. സ്ഥാപനത്തെ മധ്യകേരളത്തിലെ അപെക്സ് കാൻസർ സെൻററായി വികസിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഫണ്ട് വകയിരുത്തിയത് ഏത് ഇനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഏഴുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന സെന്റർ പകുതിയിലേറെ പൂർത്തിയായിട്ടുണ്ട്. 390 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ബജറ്റിൽ അനുവദിച്ച 14.5 കോടി മെഡിക്കൽ കോളജിൽ പ്രവര്‍ത്തിക്കുന്ന താൽക്കാലിക കാൻസർ ചികിത്സ കേന്ദ്രത്തിന്റെ നിത്യച്ചെലവുകൾക്കും എഴുപതോളം ജീവനക്കാരുടെ ശമ്പളത്തിനുമാകാനാണ് സാധ്യത.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കാൻസർ ബാധിതരുടെ എണ്ണം പറഞ്ഞ് അവരുടെ ക്ഷേമത്തെക്കുറിച്ച് ബജറ്റ് പരാമർശിക്കുന്നതെന്ന് കൊച്ചി കാൻസർ സെന്ററിനായി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റിലെ ഡോ. സനൽകുമാർ ചൂണ്ടിക്കാട്ടി.
വികസനത്തിന് ഗതിവേഗം പകരുന്ന ബജറ്റ് -മന്ത്രി പി. രാജീവ്
കൊച്ചി: ദീർഘവീക്ഷണത്തോടെ ജില്ലയുടെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. പ്രഖ്യാപിച്ച നാല് സയൻസ് പാർക്കിൽ ഒന്ന് എറണാകുളത്തിനാണ്. വാട്ടർ മെട്രോക്ക് 150 കോടിയും ഓപറേഷൻ ബ്രേക്ക് ത്രൂവിന് 10 കോടിയും വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനത്തിനുള്ള ഡി.പി.ആർ തയാറാക്കുന്നതിന് അനുവദിച്ച അഞ്ചുകോടിയുടെ ആനുപാതിക വിഹിതവും ജില്ലക്ക് ലഭിക്കും. സിയാലിന് 200 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണിവ.
കൊച്ചി സർവകലാശാലയിൽ ട്രാൻസ്ലേഷനൽ റിസർച് സെന്ററിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി സർവകലാശാലയിൽ പ്രോജക്ട് മോഡിൽ മൂന്നു പ്രോജക്ട് ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ ആരംഭിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന ബജറ്റാണിതെന്നും പി. രാജീവ് പറഞ്ഞു.
കൊച്ചിക്ക് കൈനിറയെ കിട്ടിയെന്ന് മേയർ
കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചിക്ക് ചോദിച്ചതൊക്കെയും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്‍കിയെന്ന് മേയർ എം. അനിൽകുമാർ. കൊച്ചിയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ മൂന്നാമതൊരു റോ റോ. ഇതിനായി 10 കോടി രൂപയാണ് അനുവദിച്ചത്. വെള്ളക്കെട്ട് നിവാരണത്തിന് ഓപറേഷന് ബ്രേക്ത്രൂ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയും നല്കി. ഗോശ്രീ-മാമംഗലം റോഡ്, പണ്ഡിറ്റ് കറുപ്പന് എലിവേറ്റഡ് സമാന്തരപാത, പള്ളുരുത്തി പാരലല്‍ റോഡ്, എളമക്കര റോഡ്, കെ.പി. വള്ളോന്‍ റോഡ് എന്നിവയുള്‍പ്പെടുന്ന റോഡ് ക്ലസ്റ്റര്‍ പദ്ധതികളുടെ വിശദ ഡി.പി.ആർ തയാറാക്കാൻ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ഡിപ്പോ നിര്‍മാണത്തിന് ബജറ്റില്‍ തുക അനുവദിച്ചതിനാല്‍ സ്റ്റാൻഡ് നിര്‍മാണവും തടസ്സമില്ലാതെ നടക്കും. ആവശ്യങ്ങളെല്ലാം കണ്ടറിഞ്ഞ് തുക അനുവദിച്ച ധനമന്ത്രിയെ നന്ദി അറിയിക്കുന്നതായും മേയർ പറഞ്ഞു.
വ്യാപാരി സമൂഹത്തിന് വേദനാജനകം -ഏകോപന സമിതി
കൊച്ചി: ബജറ്റ് വ്യാപാരി സമൂഹത്തെ സംബന്ധിച്ച് സമ്പൂര്‍ണ പരാജയവും വേദനാജനകവുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി. ഭീമമായ വാടക നല്‍കിയും ലൈസന്‍സ് ഫീസും നികുതിയും വിവിധ തൊഴിലാളി ക്ഷേമനിധികളിലേക്കുള്ള വിഹിതവും കൃത്യമായി നല്‍കിയും സ്വയം തൊഴില്‍ കണ്ടെത്തിയ വ്യാപാരികള്‍ക്ക് ബജറ്റില്‍ ഒന്നും നീക്കിവെച്ചിട്ടില്ല. വായ്പ ഇളവ്, ലോണുകള്‍ക്ക് മൊറട്ടോറിയം, പുനരുദ്ധാരണ പാക്കേജ് തുടങ്ങി വ്യാപാരിസമൂഹം പ്രതീക്ഷിച്ചതൊന്നും ബജറ്റിലില്ല.
ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ചെറുകിട കച്ചവടക്കാരും വഴിയോര കച്ചവടക്കാരായി മാറുമെന്ന് ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ പറഞ്ഞു.
സ്വാഗതാർഹം -ഇന്ത്യൻ ചേംബർ
മട്ടാഞ്ചേരി: ബജറ്റിൽ ഐ.ടി പാർക്കുകളുടെ വികസനത്തിന് കൂടുതൽ ശ്രദ്ധനൽകിയത് കയറ്റുമതി വ്യവസായത്തിന് കരുത്തേകുമെന്നും സ്ഥലമേറ്റെടുക്കലിന് കൂടുതൽ തുക അനുവദിച്ചത് സ്വാഗതാർഹമാണെന്നും ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വികാസ് അഗർവാൾ. കുടുംബശ്രീ പ്രവർത്തനങ്ങൾക്കായി 260 കോടി വകയിരുത്തിയത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ജീവിതനിലവാരം വർധിപ്പിക്കും. 2022-23 വർഷം സംരംഭകത്വ വർഷമായി ആചരിക്കുമെന്ന പ്രഖ്യാപനം ആഹ്ലാദകരമാണ്. സംരംഭകരാകുന്നവർക്ക് ആദ്യഘട്ടത്തിൽ കൈത്താങ്ങ് നൽകുന്നതിനായി ആദ്യ അഞ്ചുവർഷം സബ്സിഡികളും മറ്റു സൗകര്യങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചിയെ നിരാശപ്പെടുത്തി -കോൺഗ്രസ്
കൊച്ചി: സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് കടുത്ത നിരാശയാണുണ്ടായതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. റോ റോ ഇറക്കുന്നതിനായി പത്തുകോടി രൂപ അനുവദിച്ചുവെന്നത് ശുദ്ധ തട്ടിപ്പാണ്. നിലവിലുള്ള സർവിസുകൾ പോലും കാര്യക്ഷമമായി നടത്താൻ കഴിയാത്തവരാണ് പുതിയ സർവിസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ നഗരമെന്ന നിലയിലും ടൂറിസം ഹബ് എന്ന നിലയിലും എറണാകുളം ജില്ലക്ക് അർഹമായ പരിഗണന ലഭിച്ചില്ല. കോവളം-കൊച്ചി-ഗോവ ഉൾപ്പെടുന്ന ക്രൂയിസ് ടൂറിസത്തിന് അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. കൊച്ചിക്കോ കേരള ത്തിനോ നേട്ടമുണ്ടാക്കാനല്ല, മറിച്ച് സാമ്പത്തിക താൽപര്യം മാത്രമാണുള്ളത്. കൊച്ചി, ബംഗളൂരു വ്യവസായ ഇടനാഴിക്കുവേണ്ടി ഇത്തവണയും തുക അനുവദിച്ചു എന്നല്ലാതെ പ്രായോഗികതലത്തിലേക്ക് കടന്നിട്ടില്ല.
മുൻഗാമിയായിരുന്ന തോമസ് ഐസക്കിനെപ്പോലെ ചില പ്രഖ്യാപനങ്ങൾ മാത്രം നടത്തി തടിതപ്പുകയാണ് ബാലഗോപാലും ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലെ 70 ശതമാനം പ്രഖ്യാപനങ്ങളും നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.