ലക്ഷ്യം പ്രതിവർഷം 1650 ഇലക്ട്രിക് ഓട്ടോ; 25 മാസത്തിൽ നിർമിച്ചത് 219 എണ്ണം മാത്രം
text_fieldsകൊച്ചി: പ്രതീക്ഷിച്ച വിൽപനയോ വരുമാനമോ കണ്ടെത്താനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്‍റെ ഇലക്ട്രിക് ഓട്ടോ പദ്ധതി. 2019 ഡിസംബറിൽ പദ്ധതി ആരംഭിക്കുമ്പോൾ വർഷം 1650 ഇലക്ട്രിക് ഓട്ടോ നിർമിക്കുകയായിരുന്നു ലക്ഷ്യം.
25 മാസം പിന്നിടുമ്പോൾ 219 ഇലക്ട്രിക് ഓട്ടോകൾ മാത്രമാണ് നിർമിച്ചത്. പരിസ്ഥിതി മലിനീകരണ തോത് വൻതോതിൽ കുറക്കുന്ന ഇലക്ട്രിക് ഓട്ടോകൾ നിരത്തിലിറക്കുന്നതിലൂടെ മികച്ച വിപണി കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ.
ഒരു തവണ ബാറ്ററി ചാർജ് ചെയ്താൽ 90 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന വാഗ്ദാനം നൽകിയാണ് ഓട്ടോകൾ പുറത്തിറക്കിയത്. കേരളത്തിലെ 12 ഡീലർമാർ വഴിയാണ് 219 വാഹനങ്ങൾ വിറ്റത്. ഒരു ഓട്ടോയുടെ വിൽപനവില അഞ്ച് ശതമാനം ജി.എസ്.ടി കൂടാതെ 2.85 ലക്ഷം രൂപയാണ്.
ഒരു ഓട്ടോയുടെ നിർമാണച്ചെലവ് കമ്പനിയുടെ സ്വകാര്യ വിഷയമാണെന്നതിനാൽ വെളിപ്പെടുത്താനാകില്ലെന്ന് വിവരാവകാശ മറുപടിയിൽ കമ്പനി അധികൃതർ വിശദീകരിക്കുന്നു.
മൈലേജ് വാഗ്ദാനം കമ്പനിക്ക് പാലിക്കാനായില്ലെന്നാണ് ഉപഭോക്താക്കളിൽ പലരുടെയും പരാതി. എന്നാൽ, കമ്പനി നിർദേശങ്ങൾക്ക് അനുസരിച്ച് വാഹനം ഓടിക്കുകയാണെങ്കിൽ വാഗ്ദാനം ചെയ്യപ്പെട്ട അത്രയും കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്ന് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് വിശദീകരിക്കുന്നു.
2019-20ൽ മാത്രം 195.24 ലക്ഷം നഷ്ടത്തിലായിരുന്നുവെന്ന് പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2014-15 മുതൽ 2019-20 സെപ്റ്റംബർ വരെ മാത്രം കേരള ഓട്ടോമൊബൈൽസിന് 29.27 കോടി രൂപയാണ് സർക്കാർ ധനസഹായം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.