റവന്യൂ വകുപ്പിലെ താൽക്കാലിക നിയമനം; എഴുത്തുപരീക്ഷ നാളെ
text_fieldsകാക്കനാട്: താൽക്കാലിക ക്ലർക്കുമാരെ നിയമിക്കുന്നതിനായി റവന്യൂ വകുപ്പ് നടത്തുന്ന പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആവശ്യമായ ചോദ്യപേപ്പറുകൾ വെള്ളിയാഴ്ച വൈകീട്ടോടെ കലക്ടറേറ്റിലെത്തിക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന പരീക്ഷ കഴിഞ്ഞാലുടൻ മൂല്യനിർണയം പൂർത്തിയാക്കി വൈകീട്ടോടെ ലിസ്റ്റ് തയാറാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പ് ഓഫിസുകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ക്ലർക്കുമാരെ നിയമിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് എറണാകുളം ജില്ലയിലാണ്. ജീവനക്കാരുടെ ദൗർലഭ്യമാണ് ഈ അവസ്ഥക്ക് കാരണമെന്ന കണ്ടെത്തലിനെത്തുടർന്നാണ് താൽക്കാലികാടിസ്ഥാനത്തിൽ കൂടുതൽ ക്ലർക്കുമാരെ നിയമിക്കാൻ തീരുമാനിച്ചത്.
ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിലേക്ക് ജില്ലയിൽ 150 ക്ലർക്കുമാരെയാണ് ഇത്തരത്തിൽ നിയമിക്കുന്നത്. ഇതിനായി 2,652 അപേക്ഷകരുടെ പട്ടികയാണ് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് കലക്ടറേറ്റിലേക്ക് ലഭിച്ചത്. ഇവരിൽനിന്ന് എഴുത്തുപരീക്ഷ നടത്തിയാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. ജില്ലക്ക് പുറത്തെ കേന്ദ്രത്തിൽ അതീവ രഹസ്യമായാണ് ആവശ്യമായ ചോദ്യപേപ്പറുകൾ തയാറാക്കിയത്.
എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവരെ ആറുമാസത്തേക്ക് നിയമിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ സമയപരിധി നീട്ടിനൽകിയേക്കുമെന്നാണ് വിവരം. മറ്റു നടപടികൾ പൂർത്തിയായാൽ ഈ മാസംതന്നെ നിയമനം നൽകാനാണ് അധികൃതരുടെ തീരുമാനം. ശനിയാഴ്ച വൈകീട്ടോടെ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി ഫലം കലക്ടറേറ്റിലെ നോട്ടീസ് ബോർഡിലും ernakulam.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.