എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നു: ആശ്വസിക്കാറായില്ല, എങ്കിലും പ്രതീക്ഷ
text_fieldsകൊച്ചി: ആശ്വസിക്കാനായില്ലെങ്കിലും ജില്ലയിലെ കോവിഡ് വ്യാപനം പതിയെ കുറയുന്നു. മൂന്ന് ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റിയിൽ നേരിയ കുറവുണ്ട്. പരിശോധനകളുെട എണ്ണവും കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, അതിതീവ്രവ്യാപനം ഉണ്ടായിരുന്ന 19 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 30ൽ താഴെയായി. നിലവിൽ ആറ് പഞ്ചായത്തിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിൽ ഉയർന്ന് നിൽക്കുന്നത്. 23 പഞ്ചായത്തിൽ 40 ശതമാനത്തിലേറെ ടെസ്റ്റ് പോസിറ്റിവിറ്റിയുണ്ട്.
കഴിഞ്ഞയാഴ്ചയുടെ മധ്യത്തിൽവരെ 30 ശതമാനത്തിനു മുകളിലായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി ആഴ്ച അവസാനത്തോടെ 30ൽ താഴെയെത്തി. 14ന് 25.27 ആയിരുന്നത് 16ന് 24.31ആയി. രോഗബാധിതരിൽ ചെറിയതോതിലെങ്കിലും കുറവുണ്ടാകുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, രോഗമുക്തി നിരക്കും വർധിച്ചു. അതിതീവ്ര വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ രോഗമുക്തിനിരക്ക് കുറഞ്ഞത് ആശങ്കയിലാക്കിയിരുന്നു. അതേസമയം, പരിശോധനയുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്.
സമീപകാലത്ത് ഏറ്റവും ഉയർന്ന പരിശോധന നടത്തിയ 12ന് 18,261 സാമ്പിൾ ശേഖരിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച 12,971 സാമ്പിൾ മാത്രമാണ് ശേഖരിച്ചത്. തിങ്കളാഴ്ച ശേഖരിച്ചത് 9354 സാമ്പിൾ. നാലായിരത്തിലേറെ പരിശോധനകൾ പോയവാരത്തെക്കാൾ കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 24.75ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതിൽ 20ൽ താഴെയായാൽ ട്രിപ്ൾ ലോക്ഡൗണിൽ ചെറിയ ഇളവുകൾ പരിഗണിച്ചേക്കും.
രോഗമുക്തി നിരക്കും വർധിച്ചിട്ടുണ്ട്. തിങ്കളാഴ്ച 14,900 പേരാണ് രോഗമുക്തരായത്. കോവിഡ് അതിതീവ്ര വ്യാപനം തുടരാനുള്ള സാധ്യത മുന്നിൽക്കണ്ട് കൂടുതൽ കിടക്കയും ഓക്സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. പ്രധാന ആശുപത്രികളിൽ കുട്ടികൾക്ക് വേണ്ടിയും കോവിഡ് വാർഡുകൾ ഏർപ്പെടുത്തും.
അതേസമയം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിലേറെയുള്ള 23 പഞ്ചായത്തിൽ നിയന്ത്രണം നടപ്പാക്കുകയാണ്. ജനങ്ങളെ പരമാവധി വീട്ടിലിരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
കൺട്രോൾ റൂമും 24 മണിക്കൂർ ആംബുലൻസ് സേവനവും ഇവിടെ ഏർപ്പെടുത്തി. വാർഡുതല പ്രവർത്തനവും ശക്തിപ്പെടുത്തി.
ചൂർണിക്കര, ചെല്ലാനം, കടുങ്ങല്ലൂർ, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ, ഉദയംപേരൂർ, കീഴ്മാട്, ഒക്കൽ, നായരമ്പലം, ശ്രീമൂലനഗരം, ചേരാനല്ലൂർ, കോട്ടപ്പടി, എടത്തല, ഞാറക്കൽ, കുട്ടമ്പുഴ, കരുമാല്ലൂർ പഞ്ചായത്തുകളിലാണ് ലോക്ഡൗൺ കടുപ്പിച്ചത്. സ്ഥിതി വിലയിരുത്താൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസിെൻറ നേതൃത്വത്തിൽ യോഗവും ചേർന്നു.
രോഗമുക്തി 14,900; രോഗബാധിതർ 2315
കൊച്ചി: ജില്ലയിൽ തിങ്കളാഴ്ച കോവിഡ് മുക്തരായത് 14,900 പേർ. ഇതുവരെയുള്ള രോഗമുക്തിനിരക്കിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രോഗബാധിതരായത് -2315 പേർ. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ -2244. രോഗ ഉറവിടമറിയാത്ത രോഗികൾ -60.
പോയവാരത്തേക്കാൾ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഈയാഴ്ച രേഖപ്പെടുത്തിയത് -24.75 ശതമാനം.
തിങ്കളാഴ്ച 242 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 210 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം -55749. സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 9354 സാമ്പിൾകൂടി പരിശോധനക്കയച്ചു. രോഗബാധിതരായി വീടുകളിൽ 48,530 പേർ ചികിത്സയിലുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര -100, വെങ്ങോല -83, ഉദയംപേരൂർ -66, തൃപ്പൂണിത്തുറ -64, എടത്തല -59, കളമശ്ശേരി -59, പള്ളുരുത്തി -59, പിറവം -57, ആലങ്ങാട് -56, പള്ളിപ്പുറം -54, കടുങ്ങല്ലൂർ -47, കോട്ടുവള്ളി -44, ഫോർട്ട്കൊച്ചി -42, ചേരാനല്ലൂർ -41, ഏലൂർ -37, കലൂർ -37, തുറവൂർ -35, ആമ്പല്ലൂർ -34, ഏഴിക്കര -34, വേങ്ങൂർ -32, തിരുവാണിയൂർ -31, വൈറ്റില -31, കടവന്ത്ര -30, വാഴക്കുളം -30, കരുമാലൂർ -29, ചൂർണിക്കര -29, ആലുവ -28, കാഞ്ഞൂർ -28, പെരുമ്പാവൂർ -28, ചിറ്റാറ്റുകര- 27, കോട്ടപ്പടി- 26, വരാപ്പുഴ -25, എളംകുന്നപ്പുഴ -24, കിഴക്കമ്പലം -24, നായരമ്പലം -24, കുട്ടമ്പുഴ -23, അങ്കമാലി -23, നോർത്ത് പറവൂർ -22, എറണാകുളം സൗത്ത് -21, വടക്കേക്കര -21, ചോറ്റാനിക്കര -20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.