സെലക്ഷൻ കമ്മിറ്റി മാനദണ്ഡപ്രകാരമല്ലെന്ന് ; നാല് പഞ്ചായത്തിലെ അംഗൻവാടി നിയമന നടപടികൾ നിർത്തി
text_fieldsകോലഞ്ചേരി: സെലക്ഷൻ കമ്മിറ്റി രൂപവത്കരണം മാനദണ്ഡപ്രകാരമല്ലെന്ന പരാതിയെത്തുടർന്ന് നാല് പഞ്ചായത്തിലെ അംഗൻവാടി നിയമന നടപടികൾ നിർത്തിവെച്ചു. കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിലെ അംഗൻവാടി വർക്കർ/ഹെൽപർ തസ്തികകളിലേക്കുള്ള നിയമന നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന വനിത ശിശുക്ഷേമ ഡയറക്ടറാണ് ഉത്തരവിട്ടത്.
അംഗൻവാടി ജീവനക്കാരെ നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഈ പഞ്ചായത്തുകളിൽ മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പി.വി. ശ്രീനിജിൻ എം.എൽ.എ മന്ത്രി വീണ ജോർജിന് കത്ത് നൽകിയിരുന്നു. ഇതേതുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം ശിശു ക്ഷേമ ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവിൽ പറഞ്ഞ മാനദണ്ഡപ്രകാരമല്ല ഈ പഞ്ചായത്തുകളിലെ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സാമൂഹിക പ്രവർത്തകരുടെ തെരഞ്ഞെടുപ്പെന്നും സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സാമൂഹിക പ്രവർത്തകരായി ഇവിടങ്ങളിൽ പ്രസിഡന്റുമാരുടെ പാർട്ടിക്കാരെ മാത്രം തീരുമാനിച്ച് ജില്ല ഓഫിസർക്ക് കത്ത് നൽകുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.