രണ്ടാം പിണറായി സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച് വ്യാപാരി സമൂഹം
text_fieldsകൊച്ചി: രണ്ടാം പിണറായി സര്‍ക്കാറില്‍നിന്ന് അര്‍ഹമായ പരിഗണന പ്രതീക്ഷിച്ച് വ്യാപാരി സമൂഹം. കോവിഡിെൻറ ഒന്നും രണ്ടും തരംഗങ്ങളിൽ ഏറ്റവും കൂടുതല്‍ ദുരിതവും സാമ്പത്തിക തകര്‍ച്ചയും നേരിട്ടത് ഇടത്തരം, ചെറുകിട വ്യാപാരികളാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിന് വാതായനങ്ങള്‍ തുറന്നുകൊടുത്തപ്പോള്‍ ജീവിതമാർഗം പാടെ അടഞ്ഞുപോയത് ചെറുകിട ഇടത്തരം വ്യാപാരികളുടേതാണ്.
വരുംകാലത്ത് ഓണ്‍ലൈന്‍ മേഖല കൂടുതല്‍ ശക്തമാകുമെന്നതിനാല്‍ നിലവിലെ മുഴുവന്‍ വ്യാപാരികള്‍ക്കും ഇതിെൻറ പ്രയോജനം ലഭിക്കത്തക്കവിധം സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു.
ജി.എസ്.ടി നിയമങ്ങളിലെ അപ്രായോഗികത, അശാസ്ത്രീയ കുടിയിറക്കലുകള്‍, വാടക കുടിയാന്‍ നിയമം, വ്യാപാരികളുടെയും തൊഴിലാളികളുടെയും തൊഴില്‍ സംരക്ഷണം, നഷ്ടപരിഹാരം തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്‍ സര്‍ക്കാറിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍, കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാറില്‍നിന്നും വ്യാപാരി സമൂഹം പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ പറഞ്ഞു.
ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സാവകാശം, വായ്പ തിരിച്ചടവിന് പലിശ ഇളവോടും മൊറട്ടോറിയത്തോടുംകൂടി കൂടുതല്‍ കാലാവധി, വാടകയിളവ്, കടകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ ഉപയോഗശൂന്യമായ ഉല്‍പന്നങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വെക്കുന്നു.
സമൂഹത്തോട് കൂടുതല്‍ അടുത്തിടപഴകുന്നവരായതിനാല്‍ കോവിഡ് വാക്‌സിനിൽ മുന്‍ഗണനാ പട്ടികയില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.