അടച്ചുപൂട്ടിയ ആധുനിക അറവുശാല സാമൂഹികവിരുദ്ധർ കൈയടക്കി
text_fieldsമൂവാറ്റുപുഴ: മാലിന്യപ്രശ്‌നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ ആധുനിക അറവുശാല സാമൂഹികവിരുദ്ധർ കൈയടക്കി.
അറവുശാലയുടെ ഷട്ടറുകൾ തകർത്ത് ഉപകരണങ്ങൾ അടക്കം കടത്തിക്കൊണ്ടുപോയി. അറവുശാല വളപ്പിലെ േഗറ്റും തുറന്നുകിടക്കുകയാണ്.
സന്ധ്യയാകുന്നതോടെ സാമൂഹികവിരുദ്ധരുടെയും മയക്കുമരുന്ന് ഉപയോക്താക്കളുടെയും കേന്ദ്രമായി മാറുന്ന ഇവിടെ അടിപിടിയും അക്രമങ്ങളും നിത്യസംഭവമായി.മൂവാറ്റുപുഴ നഗരസഭ രണ്ടുകോടിയോളം രൂപ ചെലവഴിക്കുകയും പലവട്ടമായി എട്ടുതവണ ഉദ്ഘാടനം നടത്തുകയും ചെയ്ത മൂവാറ്റുപുഴയിലെ അത്യാധുനിക അറവുശാലയാണ് ഒടുവിൽ സാമൂഹികവിരുദ്ധരുടെ താവളമായത്. രണ്ട് പതിറ്റാണ്ടു മുമ്പ് രണ്ട് കോടി രൂപ െചലവിൽ നിർമിച്ച അറവുശാല ജനകീയസമരങ്ങളെ തുടർന്ന് ഒരുപതിറ്റാണ്ടു മുമ്പാണ് അടച്ചുപൂട്ടിയത്.
മലിനീകരണ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം ദുർഗന്ധവും മലിനീകരണവും സഹിക്കാവുന്നതിനപ്പുറത്തായതോടെ നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് നഗരസഭ ഇത് അടച്ചുപൂട്ടിയത്.
ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ അറവുശാലയിലെ യന്ത്രങ്ങൾ ഒരുദിവസംപോലും പ്രവർത്തിക്കാതെ നശിച്ചു. അറവുശാലയിലെ മാലിന്യം ഇവിടെയുള്ള നാല് വലിയ ടാങ്കിൽ കുന്നുകൂടി പരിസരത്ത് ദുർഗന്ധം സഹിക്കാതായതോടെയാണ് ജനം സംഘടിച്ച് അറവുശാലക്കെതിരെ രംഗത്തു വന്നത്. അടച്ചുപൂട്ടിയ ശേഷം അറവുശാല കമ്യൂണിറ്റി ഹാളാക്കുമെന്ന പ്രഖ്യാപനം വെന്നങ്കിലും അതും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.