കലക്ടര്‍ മുന്നില്‍നിന്ന് നയിച്ചു; സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയായി
text_fieldsകൊച്ചി: കറുത്ത ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടുമണിഞ്ഞ് കലക്ടർ എന്‍.എസ്.കെ. ഉമേഷെത്തി, ജീവനക്കാര്‍ക്ക് ഹാന്‍ഡ് ഗ്ലൗസും എടുത്തു നീട്ടി നേരെ സിവിൽ സ്റ്റേഷൻ വളപ്പിലെ കാന്റീൻ പരിസരത്തേക്ക് നടന്നു. അവധി ദിനമായ രണ്ടാം ശനിയാഴ്ച കലക്ടറും ജീവനക്കാരും ഓഫിസ് മുറികൾക്ക് പുറത്തായിരുന്നു കർമനിരതരായത്.
ചപ്പും ചവറും മാലിന്യവും നീക്കി ശുചീകരണത്തിന് കലക്ടർ തുടക്കമിട്ടു.‘നവകേരളം, വൃത്തിയുള്ള കേരളം; വലിച്ചെറിയല്‍ മുക്ത കേരളം’ കാമ്പയിനിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ ശുചീകരണം സംഘടിപ്പിച്ചത്.സിവില്‍ സ്റ്റേഷന് വളപ്പിലെ ചപ്പും ചവറും മറ്റു മാലിന്യവുമെല്ലാം നീക്കി. ജൈവ -അജൈവ മാലിന്യം പ്രത്യേകമായി തരംതിരിച്ചു.
അജൈവ മാലിന്യം ഹരിതകര്‍മ സേനക്ക് കൈമാറാൻ സൂക്ഷിച്ചു. ശേഖരിക്കുന്ന അജൈവ മാലിന്യം തൂക്കം, ഇനം എന്നിവ തിരിച്ച് ജില്ല ശുചിത്വ മിഷനെ അറിയിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു. സിവില്‍ സ്റ്റേഷന്റെ കാന്റീന് ഗേറ്റ് മുതല്‍ പരേഡ് ഗ്രൗണ്ട് അവസാനിക്കുന്നത് വരെയുള്ള ഭാഗം താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും ജീവനക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കി.
ഇന്ത്യൻ കോഫി ഹൗസിനടുത്തുള്ള ഔട്ട് ഗേറ്റ് വരെയുള്ള ഭാഗം രണ്ടാം നിലയിലെ ഓഫിസുകളിലെ ജീവനക്കാരും ഔട്ട് ഗേറ്റ് മുതല്‍ മുന്‍വശത്തെ ഗാര്ഡന് വരെ മൂന്നാം നിലയിലെ ഓഫിസ് ജീവനക്കാരും ഇന്‍ ഗേറ്റ് മുതല്‍ കാന്റീന് വരെ നാല്, അഞ്ച് നിലയിലെ ജീവനക്കാരും വൃത്തിയാക്കി. നവകേരളം സംസ്ഥാന കോഓഡിനേറ്റര്‍ ടി.എൻ. സീമ, എ.ഡി.എം ഇന്‍ചാര്‍ജ് എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനില്‍കുമാർ മേനോൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ പി.എം. ഷഫീഖ്, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.കെ. മനോജ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഡെപ്യൂട്ടി ജില്ല കോഓഡിനേറ്റര്‍ എം.എസ്. ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.