ലഹരിക്കെതിരെ നാട് ഒഴുകിയെത്തി
text_fieldsകൊച്ചി: പുലർച്ച മുതൽ നാടൊഴുകുകയായിരുന്നു കലൂരിലേക്ക്. ലഹരിക്കെതിരായ ‘മാധ്യമം’ വാക്കത്തണിൽ അണിചേരാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങൾ രാവിലെതന്നെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.ഒഴുകിയെത്തിയ കുട്ടികളും മുതിർന്നവരും ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തിയ ജഴ്സി അണിഞ്ഞ് അണിനിരന്നതോടെ സ്റ്റേഡിയം പരിസരം ജനനിബിഡമായി.ഫ്ലാഗ്ഓഫ് കഴിഞ്ഞതോടെ ജനം ഒറ്റക്കെട്ടായി ലഹരിക്കെതിരെ മുന്നോട്ട് നടക്കുകയായിരുന്നു. സ്കേറ്റിങ്ങിലെ കുട്ടിത്താരങ്ങളും സൈക്ലിങ്, റോൾബാൾ താരങ്ങളും ഒഴുകിയെത്തിയ ജനങ്ങളും കായികതാരങ്ങളും അണിനിരന്നതോടെ സ്ഥിരം നടത്തക്കാരും വാക്കത്തണിലേക്ക് അലിഞ്ഞുചേർന്നു.
എല്ലാവരും ഒരുമിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ഈ നാടിനെ ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന സന്ദേശമായിരുന്നു ഉയർത്തിയത്. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യത്തെക്കുറിച്ച് വിളിച്ചുപറഞ്ഞ വാക്കത്തണിന്റെ ഭാഗമായി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ സഹകരണത്തോടെ രക്തപരിശോധനയും മറ്റ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. ആംബുലൻസും പ്രഥമശുശ്രൂഷ സംവിധാനവും ഒരുക്കിയിരുന്നു.
വാക്കത്തണിന് മുന്നോടിയായി ജില്ലയെ ലഹരിക്കെതിരെ ഉണർത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പഞ്ചഗുസ്തി മത്സരം, റോളർ സ്കേറ്റിങ്, ഗാട്ടാ ഗുസ്തി മത്സരം, പൊലീസ് -എക്സൈസ് ഫുട്ബാൾ മത്സരം, കുട്ടികളുടെ ഫുട്ബാൾ, യോഗ, തൈക്വാൻഡോ, ടെന്നിക്കോയ്, വടംവലി, സൗഹൃദ ഫുട്ബാൾ, ബാസ്കറ്റ്ബാൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ഇതിൽ വിജയികളായവർക്ക് സമാപന സമ്മേളനത്തിൽ സമ്മാനം വിതരണം ചെയ്തു. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലും സെന്റ് പോൾസ് ആയുർവേദയുമായി സഹകരിച്ചാണ് വാക്കത്തൺ സംഘടിപ്പിച്ചത്.
അങ്കമാലി മോർണിങ് സ്റ്റാർ കോളജിൽനിന്നുള്ള സംഘം, പുല്ലേപ്പടി ദാറുൽ ഉലൂം സ്കൂൾ വിദ്യാർഥികൾ, എസ്.പി.സി വിദ്യാർഥികൾ, എൻ.എസ്.എസ് വളന്റിയേഴ്സ്, സ്കോർ ലൈൻ ഫുട്ബാൾ അക്കാദമി, ടെബി മി ഫുട്ബാൾ ക്ലിനിക്, കേരള സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ താരങ്ങൾ, അണ്ടർ 14 ഫുട്ബാൾ താരങ്ങൾ, വടംവലി അസോസിയേഷൻ, സൈക്ലിങ് അസോസിയേഷൻ, റോൾബാൾ അസോസിയേഷൻ, ആം റെസ്ലിങ് അസോസിയേഷൻ, സൈക്കിൾ പോളോ അസോസിയേഷൻ, തൈക്വാൻഡോ, ഗാട്ടാ ഗുസ്തി, ടെന്നിക്കോയ്, ബോഡി ബിൽഡിങ് അസോസിയേഷനുകളുടെ പ്രതിനിധികളടക്കം തുടങ്ങി നിരവധി കായിക സംഘടനകളും താരങ്ങളും വാക്കത്തണിൽ പങ്കാളികളായി.
‘മാധ്യമം’ വാക്കത്തൺ: ലഹരിക്കെതിരെ ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് സമാപന സമ്മേളനം
കൊച്ചി: ലഹരിക്കെതിരെ മുന്നിട്ടിറങ്ങിയ ‘മാധ്യമം’ വാക്കത്തണിന്റെ സമാപന സമ്മേളനവും ആവേശോജ്ജ്വലം. ജെബി മേത്തർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവതയെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ സാമൂഹിക പ്രതിബദ്ധതയോടെ ‘മാധ്യമം’ നടത്തുന്ന വാക്കത്തൺ നാടിന് അഭിമാനമാണെന്ന് എം.പി പറഞ്ഞു.
കുട്ടികൾ നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്നും അതായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ അസറ്റ് എന്നും അവർ പറഞ്ഞു.സംഘാടകസമിതി ചെയർമാൻ പി.വി. ശ്രീനിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് കാമ്പയിൻ വിശദീകരിച്ചു.
എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, ദാറുൽ ഉലൂം എച്ച്.എസ്.എസ് മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എക്സൈസ് ഡെപ്യൂട്ടി കമീഷണർ ജയചന്ദ്രൻ, ഐ.എം.എ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, സി.പി.ഐ ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, പാരാലിമ്പിക് ജില്ല പ്രസിഡന്റ് ഫാ. മാത്യു, ജനറൽ കൺവീനറും ‘മാധ്യമം’ റെസിഡന്റ് എഡിറ്ററുമായ എം.കെ.എം. ജാഫർ, എറണാകുളം പ്രസ്ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ്, ‘മാധ്യമം’ ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, കൊച്ചി ബ്യൂറോ ചീഫ് പി.എ. സുബൈർ, ബിസിനസ് സൊലൂഷൻ മാനേജർ പി.ഐ. റഫീഖ്, സർക്കുലേഷൻ മാനേജർ കെ.എം. സിദ്ദീഖ് എന്നിവർ സംബന്ധിച്ചു.
തുടർന്ന് സെന്റ് പോൾസ് ആയുർവേദിക് ചെയർമാൻ എൽദോ വൈദ്യർ, അപ്പോളോ അഡ്ലക്സ് സീനിയർ എക്സിക്യൂട്ടിവ് ആദർശ് സലീൽ എന്നിവർക്ക് ജെബി മേത്തർ എം.പി ഉപഹാരം നൽകി.സൗഹൃദ ഫുട്ബാൾ മത്സരത്തിൽ അണിനിരന്ന പൊലീസ്-എക്സൈസ് ടീമുകൾക്ക് മേയർ എം. അനിൽകുമാറും വാക്കത്തൺ റഫറി കെ. രവീന്ദ്രന് ടി.ജെ. വിനോദ് എം.എൽ.എയും ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.