പോയാലിമലയിൽ ലഹരിമാഫിയ പിടിമുറുക്കി
text_fieldsമൂവാറ്റുപുഴ: പോയാലിമലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. ലോക്ഡൗൺ മറവിൽ പ്രകൃതിഭംഗി ആസ്വദിക്കാനെന്ന പേരിൽ എത്തുന്നവർ മലയെ ലഹരികേന്ദ്രമാക്കിയിട്ട് നാളുകളായി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പോയാലിമലയിൽനിന്ന് ലഹരിയുടെ പുകച്ചുരുളുകളാണ് ഇപ്പോൾ ഉയരുന്നത്. ടൂറിസത്തിന് വൻ സാധ്യതയുള്ള മലയെ വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം ഒരുവശത്ത് നടക്കുമ്പോഴാണ് ലഹരിമാഫിയയുടെ വിളയാട്ടം. സന്ദർശകരെന്ന വ്യാജേന ദൂരദിക്കുകളിൽനിന്നുവരെ ലഹരി ഉപേയാക്താക്കൾ ഇവിടെ എത്തുന്നുണ്ട്. പാറക്കെട്ടുകളിലൂടെ ചാടിക്കടന്ന് മലമുകളിലെ ഒഴിഞ്ഞ സ്ഥലത്താണ് ലഹരിസംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളും പ്രകൃതി ആസ്വാദകരും കൂടുതലായി എത്തിതുടങ്ങിയതോടെയാണ് ലഹരിസംഘങ്ങളും മലയിൽ തമ്പടിക്കാൻ ആരംഭിച്ചത്. മലയുടെ പരിസര പ്രദേശങ്ങളിൽ വീടുകൾ കുറവാണ്. നാട്ടുകാർ അധികവും മല കയറാറുമില്ല. ഇതെല്ലാം ലഹരി ഉപഭോക്താക്കൾക്ക് ഗുണകരമായി. സമൂഹമാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ഒരുമിച്ചുകൂട്ടിയാണ് ഇവർ ഒരേസമയം വിവിധ സ്ഥലങ്ങളിൽനിന്ന് ഇവിടെ എത്തുന്നത്. രാവിലെ എത്തുന്നവർ രാത്രിയായാലും പോകാൻ കൂട്ടാക്കാറില്ല. ചില രാത്രികളിലും ഇവർ ഇവിടെ തമ്പടിക്കാറുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. മയക്കുമരുന്നിന് പുറമെ മദ്യവും വിൽപന നടത്തുന്നുണ്ട്.
മലയിൽ ലഹരിമാഫിയ തമ്പടിക്കാൻ തുടങ്ങിയതോടെ പരാതിയുമായി നാട്ടുകാരും രംഗത്തുവന്നു. മലയിലേക്ക് കയറുന്ന വഴികളിൽ ഗേറ്റ് സ്ഥാപിക്കണമെന്നും വാച്ചർമാരെ നിയമിച്ച് പ്രശ്നപരിഹാരമുണ്ടാക്കാൻ പഞ്ചായത്ത് തയാറാകണമെന്നുമാണ് ആവശ്യം. കോവിഡ് വ്യാപനത്തിനുമുമ്പ് പ്രകൃതിഭംഗി ആസ്വദിക്കാൻ ദിവസവും നൂറുകണക്കിന് പേരാണ് മലയിൽ എത്തിയിരുന്നത്. മൂവാറ്റുപുഴ നഗരത്തിൽനിന്ന് ആറ് കി.മീ. മാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന പായിപ്ര പഞ്ചായത്തിലെ 2, 3 വാർഡുകളിലൂടെ കടന്നുപോകുന്ന പോയാലിമല ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള ഒരുക്കത്തതിലാണ് പഞ്ചായത്ത്. സമുദ്രനിരപ്പിൽനിന്ന് അഞ്ഞൂറടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം പാറക്കെട്ടുകളും മൊട്ടക്കുന്നുകളുംകൊണ്ട് അനുഗ്രഹീതമാണ്. നൂറേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഐതിഹ്യങ്ങൾ ഏറെയുള്ള മലയുടെ മുകളിലുള്ള കിണറും കാൽപാടുകളും പുറമെനിന്ന് എത്തുന്നവർ അദ്ഭുതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.