പടിഞ്ഞാറൻ കൊച്ചിയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കി
text_fieldsമട്ടാഞ്ചേരി: ഇടവേളക്കുശേഷം കൊച്ചിയിൽ ലഹരി മാഫിയ വീണ്ടും തലപൊക്കുന്നു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
കുട്ടികളും യുവാക്കളും ലഹരിമാഫിയയുടെ കണ്ണികളായി മാറുകയാണ്. മാരക മയക്കുമരുന്ന് ഇനമായ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുമായാണ് ഇപ്പോൾ യുവാക്കളുടെ ചങ്ങാത്തം. കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ കുമ്പളങ്ങിയിൽനിന്ന് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ കുമ്പളങ്ങിയിൽനിന്നുതന്നെ മൂന്ന് കുട്ടികളെ കഞ്ചാവ് ഉപയോഗിച്ചതിന് എക്സൈസ് പിടികൂടുകയും ഇവരെ ഉപദേശിച്ച് രക്ഷിതാക്കളോടൊപ്പം പറഞ്ഞുവിടുകയും ചെയ്തു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺകൂടി പ്രാബല്യത്തിൽ വന്നതോടെ പൊലീസിെൻറ ശ്രദ്ധ ഈ മേഖലയിലേക്ക് പതിഞ്ഞ അവസരം മുതലെടുത്താണ് ലഹരി മാഫിയ സജീവമാകുന്നത്. പലപ്പോഴും പിടിക്കപ്പെടുന്നവർക്ക് രാഷ്ട്രീയസഹായം ലഭിക്കുമെന്നതും തിരിച്ചടിയാകുന്നു.
ശനിയാഴ്ച മട്ടാഞ്ചേരി മഹാജനവാടിയിലെ പൊളിച്ചിട്ട വീടിനകത്തുനിന്ന് രണ്ട് കവറിലായി കഞ്ചാവ് കണ്ടെടുത്തു. ചെറിയ പാക്കറ്റുകളിലാക്കി വിൽപനക്ക് തയാറാക്കിയ രീതിയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. 350 ഗ്രാം കഞ്ചാവാണ് ഇവിടെനിന്ന് കണ്ടെടുത്തത്. പുതുക്കിപ്പണിയുന്നതിന് പൊളിച്ചിട്ട വീട്ടിൽ ഉടമ വന്നപ്പോഴാണ് ഇത് കണ്ടത്. കഞ്ചാവ് നാട്ടുകാർ പൊലീസിന് കൈമാറി. ഇവിടെ പുറത്തുനിന്നുള്ളവർ എത്തിയാണ് കച്ചവടമെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണെന്ന് സബ് ഇൻസ്പെക്ടർ വിൻസെൻറ് പറഞ്ഞു.
ചിറളായി കടവിൽ കഴിഞ്ഞ ദിവസം കഞ്ചാവ് വിൽപന ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കിയിരുന്നു. ലഹരി മാഫിയക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ജനകീയ സമിതി കൺവീനർ ആവശ്യപ്പെട്ടു.
ഒന്നരക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
കൊച്ചി: വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികിട്ടാപ്പുള്ളിയടക്കം യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം ആനക്കാവിള സ്വദേശി സിദ്ദു എസ്. രവീന്ദ്രന് (25), കണ്ണൂര്‍ തലശ്ശേരി കുണ്ടുചിറ സ്വദേശി മുഹമ്മദ് സാബിത്ത് (25), കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയും തലശ്ശേരി കുണ്ടുചിറ സ്വദേശിയുമായ മുഹമ്മദ് ഷിയാദ് എന്നിവരെയാണ് കാക്കനാട് അത്താണിയിലെ ക്രിസ്റ്റല്‍ െറസിഡൻസി ഹോട്ടലില്‍നിന്ന് ഫോര്‍ട്ട്കൊച്ചി, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള അന്വേഷണസംഘം പിടികൂടിയത്. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനില്‍ ജൂണില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ മുഹമ്മദ് ഷിയാദ് ഹോട്ടലിലുള്ളതായ രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഇതില്‍ സിദ്ദു, മുഹമ്മദ് സാബിത്ത് എന്നിവരില്‍നിന്ന് 1.600 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് കഞ്ചാവ് നുറുക്കുന്നതിനുള്ള മെഷീന്, ചെറിയ പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.