ട്വൻറി20യും രംഗത്ത്; കുന്നത്തുനാട്ടിൽ കളമൊരുങ്ങുന്നത് ത്രികോണ മത്സരത്തിന്
text_fieldsകിഴക്കമ്പലം (എറണാകുളം): നിയമസഭ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ കുന്നത്തുനാട്ടില്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. ഇടത്, വലത് മുന്നണികള്‍ക്കെതിരെ ട്വൻറി20കൂടി മത്സരരംഗത്ത് സജീവമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എം.എല്‍.എ വി.പി. സജീന്ദ്രന്തന്നെ മത്സരിക്കുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ട്വൻറി20 സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാലും ട്വൻറി20 മത്സരിക്കുന്നതിനാല്‍ സജീവ പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിനായിരുന്നു സീറ്റ്. എന്നാല്‍, ഇക്കുറി പാർട്ടി സജീവമല്ല.
തദ്ദേശ തെരഞ്ഞടുപ്പിനുശേഷം ഇടത്, വലത് മുന്നണികളുടെ പ്രമുഖരെത്തി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ട്വൻറി20 മത്സരരംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. കുന്നത്തുനാടിന് പുറമേ പെരുമ്പാവൂരും ട്വൻറി20 സ്ഥാനാര്‍ഥിയെ നിർത്താന്‍ നീക്കമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ കുന്നത്തുനാട്ടില്‍ 2679 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ശിജി ശിവജിയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ത്രികോണമത്സരം നടക്കുമ്പോള്‍ വിജയവും പ്രവചനാതീതമാകും.
തദ്ദേശ തെരഞ്ഞടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളില്‍കൂടി ട്വൻറി20 ഭരണം പിടിച്ചെടുത്തതോടെയാണ് നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനിലും ഒമ്പത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ട്വൻറി20 വിജയിച്ചിരുന്നു.
എട്ട് പഞ്ചായത്തുള്ള കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നാലിലും ട്വൻറി20യാണ് ഭരിക്കുന്നത്. പൂതൃക്ക പഞ്ചായത്തും വടവുകോട് ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫും തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും എല്‍.ഡി.എഫുമാണ് ഭരിക്കുന്നത്.
വാഴക്കുളം പഞ്ചായത്തില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടങ്കിലും പ്രസിഡൻറ് സ്ഥാനം എല്‍.ഡി.എഫിനാണ്. പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വെങ്ങോല പഞ്ചായത്തില്‍ 11 വാര്‍ഡുകളില്‍ ട്വൻറി20 മത്സരിക്കുകയും എട്ടെണ്ണം പിടിെച്ചടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.