മത്സ്യബന്ധന യാനം ഇടിച്ചു; കമാലക്കടവ് ജെട്ടി വീണ്ടും തകർന്നു
text_fieldsഫോർട്ട്കൊച്ചി: മത്സ്യബന്ധന യാനം ഇടിച്ച് ഫോർട്ട്കൊച്ചി കമാലക്കടവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടി വീണ്ടും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സെന്റ് ആന്റണീസ് എന്ന യാനം നിയന്ത്രണം തെറ്റി ജെട്ടിയിൽ ഇടിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു മത്സ്യബന്ധന ബോട്ടും റോ റോയും ഇടിച്ച് തകർന്ന ബോട്ട് ജെട്ടിയുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും അപകടം ഉണ്ടായത്. രണ്ടാഴ്ച മുമ്പ് റോ റോ വെസൽ ഇടിച്ച് ജെട്ടി തകർന്നിരുന്നു.
ജലഗതാഗത വകുപ്പ്, നഗരസഭാവക യാത്രബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവ യാത്രക്കാരെ കയറ്റിയിറക്കുന്ന ജെട്ടിയാണിത്. ജെട്ടിക്ക് സമീപത്തെ പമ്പിൽ ഡീസൽ നിറക്കാനെത്തുന്ന ബോട്ടുകളാണ് ജെട്ടിയിൽ ഇടിക്കുന്നത്. എട്ട് വർഷം മുമ്പ് നിയന്ത്രണം വിട്ട മത്സ്യബന്ധന യാനം ബോട്ടിലിടിച്ചാണ് 11 പേർ മരിച്ചത്.
അപകടം പതിവായിട്ടും നിയന്ത്രിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസെറ്റിയുടേതാണ് ബോട്ട് ജെട്ടി. കമാലക്കടവിലെ ടൂറിസ്റ്റ് ജെട്ടിയിലും റോ റോ ജെട്ടിയോട് ചേർന്നും വലിയ വള്ളങ്ങളും ബോട്ടുകളും അടുപ്പിച്ച് കയറ്റിറക്ക് നടത്തിവരുകയാണ്.
ഇതുസംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് കലക്ടർ നിരോധന ഉത്തരവിറക്കിയെങ്കിലും അത് ലംഘിച്ചാണ് യാനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ കർശന നടപടിയുണ്ടാകണമെന്ന് കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.