മുസ്ലിം ലീഗ് കൊച്ചി മണ്ഡലം കമ്മിറ്റിയിൽ വിഭാഗീയത കടുക്കുന്നു
text_fieldsമട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയിൽ നിലനിൽക്കുന്ന വിഭാഗീയത കൂടുതൽ രൂക്ഷമാകുന്നു. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് ലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളം ജില്ല ട്രഷറർ എൻ.കെ. നാസറിന് കാരണംകാണിക്കൽ നോട്ടീസ് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി അംഗീകരിച്ച നിയോജക മണ്ഡലം കമ്മിറ്റിയെ അംഗീകരിക്കാതെ മണ്ഡലം കമ്മിറ്റി ഓഫിസ് പൂട്ടിയിടുകയും മണ്ഡലം ഭാരവാഹികൾക്ക് പ്രവേശനം നിഷേധിച്ച് പാർട്ടി പ്രവർത്തനങ്ങൾക്ക് തടസ്സം വരുത്തുകയും ചെയ്തതായി മണ്ഡലം-ജില്ല കമ്മിറ്റികൾ പരാതി നൽകിയിട്ടുണ്ടെന്ന് കാരണംകാണിക്കൽ നോട്ടീസിൽ പറയുന്നു. ഫെബ്രുവരി 18ന് വഖഫ് ബോർഡ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിന് ബദലായി തൊട്ടടുത്ത ദിവസം യോഗം സംഘടിപ്പിക്കുകയും നാട്ടുകാർക്കിടയിൽ അവമതിപ്പുണ്ടാക്കുകയും ഇതിനുപുറമേ മണ്ഡലം കമ്മിറ്റി പൂട്ടിയിരുന്ന ഓഫിസ് തല്ലിത്തകർത്ത് അകത്തുകയറുകയും ഉച്ചഭാഷിണി ഉപയോഗിച്ച് ജില്ല-സംസ്ഥാന നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതായും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജില്ല ട്രഷറർ എൻ.കെ. നാസർ, ജില്ല സെക്രട്ടറി പി.എസ്. ആഷിക്, മണ്ഡലം വൈസ് പ്രസിഡന്റ് എച്ച്. അബ്ദുൽ ജബ്ബാർ എന്നിവരാണ് ഗുരുതരമായ അച്ചടക്ക ലംഘനത്തിനും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതെന്ന് മണ്ഡലം-ജില്ല കമ്മിറ്റികൾ വിഡിയോ ക്ലിപ് അടക്കമുള്ള തെളിവുകൾ സഹിതം റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇതിൽ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ ഏഴുദിവസത്തിനകം മറുപടി നൽകണമെന്നും കാണിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ നോട്ടീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.