സൗഹൃദത്താൽ കരൾ പകുത്തു; കാലം കാത്തുവെച്ചത് ക്രൂരമാം ചതി
text_fieldsകൊച്ചി: 14 മാസം മുമ്പ് അടുത്ത സുഹൃത്തിെൻറ കണ്ണീർ കലർന്ന യാചനയിൽ മനസ്സുരുകി തെൻറ കരൾ പകുത്തുനൽകുമ്പോൾ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജു ഒരിക്കലും ചിന്തിച്ചിരുന്നില്ല, ആ സഹായം വലിയൊരു ദുരന്തത്തിലേക്കാണ് തന്നെ നയിക്കുന്നതെന്ന്.
മരണാസന്നനായി കിടക്കുന്ന സുഹൃത്തിെൻറ പിതാവിന് കരൾ നൽകിയ രഞ്ജു ശസ്ത്രക്രിയക്കുപിന്നാലെ സ്പൈനൽ സ്ട്രോക്ക് വന്ന് ശരീരം തളർന്ന് കിടപ്പിലായി. എന്നിട്ടും തീർന്നില്ല ദുരിതം. സൗഹൃദത്തിെൻറ പുറത്തുചെയ്ത നല്ല കാര്യത്തിന് തിരിച്ചുകിട്ടിയത് ചതിയും പിന്നിൽനിന്ന് കുത്തലും മാത്രം. നിരാശ്രയനായ ആ 42കാരനെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ സുഹൃത്തിനെയും കുടുംബത്തെയും കുറിച്ച് ഇന്നും ഒരുവിവരവുമില്ല. സ്ട്രോക്കിനൊപ്പം വളഞ്ഞുപോയ കൈകൾ നേരെയാക്കുന്നതിന് നിർദേശിച്ച അസ്ഥി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കണ്ണീർ വാർക്കുകയാണ് രഞ്ജുവും രണ്ട് അനുജത്തിമാരും.
2020 ജൂലൈയിലാണ് ബഹ്റൈനിലെ ജോലിക്കിടെ അവധിയെടുത്ത് നാട്ടിലെത്തിയ രഞ്ജുവിനോട് സുഹൃത്ത് അച്ഛനുവേണ്ടി കരൾ നൽകാമോയെന്ന് അപേക്ഷിച്ചത്.
ഇരുവരുടെയും രക്തഗ്രൂപ് യോജിക്കുമായിരുന്നു. ഒരാളുടെ ജീവൻ രക്ഷിക്കാനല്ലേ എന്ന ചിന്തയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയക്ക് വിധേയനായി. എന്നാൽ, തൊട്ടുപിന്നാലെ, ഡോക്ടറുടെ ചികിത്സപ്പിഴവുമൂലം സ്ട്രോക്ക് വരുകയായിരുെന്നന്ന് സഹോദരി രശ്മി പറയുന്നു. ആശുപത്രിയിൽ ചികിത്സ തുടർന്ന രഞ്ജുവിെൻറ ആദ്യ ബിൽ അടച്ചതിനുപിന്നാലെ സുഹൃത്തും കുടുംബവും മുങ്ങി.
പിന്നീട് പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. നെട്ടൂരിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ ചെന്ന് അന്വേഷിച്ചെങ്കിലും അവിടെയുമുണ്ടായിരുന്നില്ല. ഇതിനിടെ, ദുബൈയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന രശ്മി നാട്ടിലെത്തി സഹോദരെൻറ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ശയ്യാവലംബിയായതോടെ രഞ്ജുവിെൻറ ജോലി നഷ്ടപ്പെട്ടു, പിന്നാലെ രശ്മിയുടേതും. തുടർ ചികിത്സക്ക് എറണാകുളം ഇടപ്പള്ളി മാമംഗലത്ത് വാടക വീടെടുത്ത് താമസിക്കുന്ന ഇവർക്ക് കൂട്ടിനായി ഇളയ സഹോദരി റെജിയുമുണ്ട്.
ചികിത്സക്ക് ഇതിനകം ലക്ഷങ്ങൾ ചെലവായി. 10 വർഷം മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങളെ ദുരിതസന്ധിയിൽ ബന്ധുക്കളും തിരിഞ്ഞുനോക്കുന്നില്ല.
രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കോർപറേഷൻ കൗൺസിലർ വി.കെ. മിനിമോളുടെ നേതൃത്വത്തിൽ ചികിത്സ സഹായനിധി തുടങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ രശ്മിയുടെ പേരിെല 0114053000109508 അക്കൗണ്ടിൽ(Resmi R, ഐ.എഫ്.എസ്.സി: SIBL0000114) പണമയക്കാം. ഗൂഗിൾപേ: 9544390122.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.