പാടശേഖരത്തിൽ മാലിന്യം തള്ളാനെത്തിയ മിനിലോറി മറിഞ്ഞു
text_fieldsആലുവ: നഗരസഭയുടെ മിനിലോറി എടയപ്പുറം ടൗൺഷിപ് റോഡിൽ മറിഞ്ഞു. നഗരത്തിൽ നടക്കുന്ന കാനനിർമാണത്തിെൻറ അവശിഷ്ടങ്ങൾ പാടശേഖരത്തോട് ചേർന്ന് തള്ളാനെത്തിയ ലോറിയാണ് മറിഞ്ഞതെന്ന് നാട്ടുകാർ ആരോപിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉൾപ്പെടെ ആർക്കും പരിക്കില്ല. നേതാജി റോഡിലും മറ്റും അടുത്തകാലത്ത് കാന നവീകരിച്ചതിനെ തുടർന്നുണ്ടായ മണ്ണും ചളിയുമാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തിയോട് ചേർന്ന സ്ഥലത്ത് തള്ളാനെത്തിയത്.
ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തിറങ്ങി െസെഡ് പറഞ്ഞുകൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. മാലിന്യം തള്ളാനെത്തിയ ലോറി മറിഞ്ഞെന്ന സന്ദേശം കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ലഭിച്ചതിനെത്തുടർന്ന് പ്രസിഡൻറ് സതി ലാലു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്നേഹ മോഹനൻ എന്നിവർ ഉൾപ്പെടെ സ്ഥലത്തെത്തി. നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്ന് ഇവർ ഉറപ്പുനൽകി. അതേസമയം, മാലിന്യമല്ലെന്നും മണ്ണ് സ്ഥലം ഉടമയുടെ അനുമതിയോടെ നിക്ഷേപിക്കാനാണ് ശ്രമിച്ചതെന്നുമാണ് നഗരസഭയുടെ വിശദീകരണം.
നഗരസഭ കൗൺസിലർമാരായ ജെയ്സൺ മേലേത്ത്, പ്രീതാ രവി എന്നിവരും സ്ഥലത്തെത്തി. ആലുവ നഗരസഭ എടയപ്പുറം ടൗൺഷിപ് റോഡിൽ കറുത്തേടത്ത് ഡാനി എന്നയാളുടെ സ്ഥലത്ത് നിക്ഷേപിച്ചിട്ടുള്ളത് മാലിന്യമല്ലെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ അറിയിച്ചു. മഴക്കാലപൂർവ ശുചീകരണം പ്രവർത്തനങ്ങളുടെ ഭാഗമായി കാനകൾ കോരിയപ്പോൾ അടിഞ്ഞുകൂടിയ മണ്ണാണ് നിക്ഷേപിച്ചത്. ഇത് ജൈവവളമായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.