തൃക്കാക്കരയിൽ അവിശ്വാസ നീക്കവുമായി എൽ.ഡി.എഫ്, ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷമില്ല
text_fieldsകാക്കനാട്: വിവാദങ്ങൾ തുടർക്കഥയായ തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയത്തിനൊരുങ്ങി എൽ.ഡി.എഫ്. ഓണസമ്മാന വിവാദത്തിെൻറ പശ്ചാത്തലത്തിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ താഴെയിറക്കുന്നതിനുള്ള സമരമുറകളിലായിരുന്നു കഴിഞ്ഞ നാളുകളിലായി എൽ.ഡി.എഫ്. ഓണസമ്മാന വിവാദത്തിൽ അജിത തങ്കപ്പനെതിരായി വിജിലൻസ് പരാതി നിലനിൽക്കുന്നതിനിടെയാണ് അവിശ്വാസ പ്രമേയം ഒരുങ്ങുന്നത്.
അധ്യക്ഷയുടെ ദുർഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു.
പ്രമേയത്തിെൻറ കാര്യ ത്തിൽ എൽ.ഡി.എഫിെൻറ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഓണസമ്മാന വിവാദത്തിൽ അജിത തങ്കപ്പനെതിരെ വെള്ളിയാഴ്ച നഗരസഭ ഓഫിസിന് മുന്നിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ മുഴുവൻ എൽ.ഡി.എഫ് കൗൺസിലർമാർക്കും കർശന നിർദേശം ലഭിച്ചിട്ടുണ്ട്. സമരപരിപാടികൾക്ക് ശേഷം കലക്ടറേറ്റിലെത്തി അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നൽകുമെന്നാണ് വിവരം.
ഡിസംബറിൽ യു.ഡി.എഫ് ഭരണസമിതി അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയ നീക്കവുമായി രംഗത്തെത്തിയത്.
നിലവിൽ ഇരുമുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ് തൃക്കാക്കര നഗരസഭ. കേവല ഭൂരിപക്ഷത്തിന് 22 കൗൺസിലർമാരുടെ പിന്തുണയാണ് വേണ്ടത്. 43 പേരിൽ യു.ഡി.എഫിന് 21 പേരും എൽ.ഡി.എഫിന് 17 പേരുമാണുള്ളത്. യു.ഡി.എഫ് വിമതരായ അഞ്ച് പേരും കൗൺസിലിൽ ഉണ്ട്.
ഇതിൽ നാലു പേർ യു.ഡി.എഫിനൊപ്പവും ഒരാൾ എൽ.ഡി.എഫ് ക്യാംപിലുമാണ്. ഒരാളുടെ പിന്തുണ മതി യു.ഡി.എഫിന് ഭരണം തുടരാൻ. എങ്കിലും മുഴുവൻ സ്വതന്ത്രരെയും തങ്ങളുടെ കൂടെ എത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷത്തിെൻറ അവിശ്വാസ നീക്കം.
ചെയർപേഴ്സന് പൊലീസ് സംരക്ഷണം
കൊച്ചി: തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈകോടതി. പ്രതിപക്ഷ അംഗങ്ങളിൽനിന്ന് ജീവന് ഭീഷണിയടക്കം നേരിടുന്ന തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ നിർദേശം. മതിയായ െപാലീസ് സംരക്ഷണം നൽകാൻ തൃക്കാക്കര സ്റ്റേഷൻ ഓഫിസർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടിയ കോടതി സെപ്റ്റംബർ 17ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ഭരണത്തിൽനിന്ന് പുറത്താക്കാൻ സെപ്റ്റംബർ ഒന്നിന് ഹീനമായ കൈയേറ്റമുണ്ടായെന്നും രണ്ട് മണിക്കൂറോളം ചേംബറിൽ തടങ്കലിലാക്കിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെയർപേഴ്സനായി തുടരുകയാണെങ്കിൽ ഇല്ലായ്മ ചെയ്യുമെന്ന ഭീഷണിയുണ്ട്. സംരക്ഷണം തേടി തൃക്കാക്കര അസി. പൊലീസ് കമീഷണർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു.
ഭരണം അട്ടിമറിക്കാൻ കഴിയില്ല –അജിത തങ്കപ്പൻ
കാക്കനാട്: അവിശ്വാസ പ്രമേയവുമായെത്തിയാലും ഭരണത്തെ അട്ടിമറിക്കാൻ എൽ.ഡി.എഫിന് കഴിയില്ലെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പറഞ്ഞു.
ഭരണ സമിതിയിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാണുള്ളത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് യു.ഡി.എഫ് കൗൺസിലർമാരെ പണം കൊടുത്ത് വശത്താക്കാൻ എൽ.ഡി.എഫിന് സാധിച്ചു. ഇത്തവണ അത്തരത്തിലുള്ള ആരും യു.ഡി.എഫിലില്ല. സ്വതന്ത്ര കൗൺസിലർമാരുടെ പൂർണ പിന്തുണ ഉള്ളതിനാൽ അവിശ്വാസ പ്രമേയം ഒരിക്കലും പാസാകില്ലെന്നും അജിത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.