വേനൽ കനത്തതോടെ തണുപ്പിക്കാനൊരുങ്ങി വഴിയോര ശീതളപാനീയ വിപണനം
text_fieldsവേനൽ കനത്തതോടെ ദേശീയപാതയോരങ്ങളിൽ സജീവമായ ശീതളപാനീയ വിപണന കേന്ദ്രങ്ങൾ
അങ്കമാലി: വേനൽ ചൂട് കഠിനമായതോടെ ദേശീയപാതയോരം കൂൾബാർ കേന്ദ്രങ്ങളായി. വ്യത്യസ്ഥങ്ങളായ ശീതളപാനീയങ്ങളുടെ വിപണനം ദേശീയപാതയോരത്ത് സജീവമായിരിക്കുകയാണ്. അന്തർ സംസ്ഥാനങ്ങളിലുള്ളവരാണ് പ്രധാനമായും വഴിയോര ശീതളപാനീയങ്ങളുടെ വിൽപന നടത്തുന്നത്. സാധാരണ ഇളനീർ, കരിമ്പ്, കുമ്മട്ടി, പൊട്ടുവെള്ളരി ജൂസുകളാണ് വഴിയോരങ്ങളിൽ വിൽപന നടത്തിയിരുന്നത്.
കഴിഞ്ഞ വേനൽകാലങ്ങളിൽ കൗതുകമുണർത്തും കലക്കി, കുലുക്കി, കിലുക്കി, മലർത്തി, ചാടി, ആടി, ഓടി സോഡകളാണ് വിൽപനക്കുണ്ടായിരുന്നെങ്കിൽ ഇത്തവണ വിപണിയിൽ ലഭ്യമാകുന്ന മിക്ക ശീതളപാനീയങ്ങളും വഴിയോരത്തും നിരന്നിരിക്കുകയാണ്.
ബേക്കറികളിലും, പ്രധാന കൂൾബാറുകളിലും ലഭ്യമാകുന്ന ബ്ലാക്ക് കറന്റ്, കിവി, ബ്ലൂബെറി, സ്ട്രോബറി, ലിച്ചി, ബൂസ്റ്റ്, പൈനാപ്പിൾ, മുന്തിരി, ഫാഷൻ ഫ്രൂട്ട്, പേരക്ക, മാംഗോ, സംഭാരം തുടങ്ങിയ രുചിക്കൂട്ടോടെയുള്ള ശീതളപാനീയങ്ങൾ വഴിയോരങ്ങളിലുടനീളമുണ്ട്. കുലുക്കി സർബത്തും, കറങ്ങി സർബത്തും വേനൽ ചൂടിന് ശമനമായി വഴിയോര യാത്രികരെ കാത്തിരിക്കുകയാണ്.
ശീതളപാനീയങ്ങൾക്കൊപ്പം ആപ്പിൾ, ഓറഞ്ച്, മാതളം, മുസമ്പി, വിവിധങ്ങളായ മുന്തിരികൾ, മാമ്പഴം അടക്കമുള്ള പഴവർഗങ്ങളും വിൽപനക്കുണ്ട്.
ജില്ല അതിർത്തിയായ പൊങ്ങം മുതൽ മംഗലപ്പുഴപ്പാലം വരെ ദേശീയപാതയിലുടനീളം ശീതളപാനീയങ്ങളുടെ വിൽപനയുണ്ട്. വഴിയോരം കേന്ദ്രമാക്കി വേനൽക്കാല ശീതളപാനീയ വിൽപനക്ക് അന്തർസംസ്ഥാന കച്ചവടക്കാർ കുടുംബ സമേതമെത്തി വാടക വീട്ടിൽ താമസിച്ചാണ് കച്ചവടം തകൃതിയിലാക്കിയിരിക്കുന്നത്.
ശീതള പാനീയങ്ങൾക്ക് പുറമെ റമദാൻ സ്പെഷൽ വിഭവങ്ങളുടെ വിപണിയും വഴിയോരങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. വിവിധയിനം സമൂസകൾ, കട്ലറ്റുകൾ, ബജികൾ, ഇറച്ചി പത്തിരി, കായ് പോള, ഉന്നക്കായ, മീറ്റ് റോൾ, മുട്ട ബജി തുടങ്ങി നിരവധിയിനം റമദാൻ വറ പൊരികളാണ് വൈകുന്നേരങ്ങളിൽ നിറയുന്നത്.
മണിക്കൂറുകൾക്കകമാണ് റമദാൻ വിഭവങ്ങൾ വിറ്റു തീരുന്നത്. വഴിയോരം കൈയടക്കിയുള്ള കച്ചവടം തകൃതിയിലായതോടെ പലയിടത്തും വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തുന്നുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.