കടലോളം പ്രതീക്ഷയിൽ തീരം
text_fieldsമട്ടാഞ്ചേരി: കേരളതീരത്ത് 52 ദിനം നീണ്ട ട്രോളിങ് നിരോധനത്തിനുശേഷം ബോട്ടുകൾ ഇന്ന് കടലിലേക്ക്. കടലമ്മ കനിഞ്ഞ് സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ. ഞായറാഴ്ച അർധരാത്രിയോടെ കടലിൽ ബോട്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നീങ്ങും. പുത്തൻ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ ഹാർബറുകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ തയാറായിട്ടുള്ളത്.
അടച്ചിട്ട ഡീസൽ പമ്പുകളും ഐസ് ഫാക്ടറികളും തുറന്ന് പ്രവർത്തനം ആരംഭിച്ചു. ലക്ഷങ്ങൾ മുടക്കി ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയാണ് നീറ്റിലിറക്കിയത്. ബോട്ടുകളിൽ ഐസുകൾ കയറ്റിത്തുടങ്ങി. ട്രോളിങ് നിരോധനം തുടങ്ങിയപ്പോൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ വലകൾ തിരികെ കൊണ്ടുവന്ന് ബോട്ടിൽ കയറ്റിക്കഴിഞ്ഞു. ഒന്നര മാസം മുമ്പേ ഇതര സംസ്ഥാന തൊഴിലാളികൾ ഹാർബറുകളിൽ തിരിച്ചെത്തി.
നിരോധന കാലത്ത് നിരോധിത വലകൾ ഉപയോഗിച്ച് അനധികൃതമായി ചെറുമീനുകളെ തൂത്തുവാരി പിടിച്ച സംഭവത്തിൽ തൊഴിലാളികൾ പൊതുവെ നൈരാശ്യത്തിലാണ്. അനധികൃത മത്സ്യബന്ധനത്തിനെതിരെ അധികൃതർ വേണ്ടവണ്ണം ഉണർന്ന് പ്രവർത്തിച്ചില്ലെന്നാണ് പറയുന്നത്.
സംസ്ഥാനത്ത് 3600 ഓളം ബോട്ടാണ് ഞായറാഴ്ച മുതൽ കടലിലേക്ക് പുറപ്പെടുന്നത്. സംസ്ഥാനം വിട്ടുപോയ ചാളയും അയലയും കേരളക്കരയിലേക്ക് തിരിച്ച് എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് ഉദാഹരണമാണ് നിരോധനകാലത്ത് കിട്ടിയ ചെറിയ ചാളകൾ, കൂടാതെ അയല, കൂന്തൽ, കണവ, ചെമ്മീൻ എന്നിവയുടെ ചാകരയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.