വേണം, ഊരിൽ അക്ഷരവെളിച്ചം
text_fieldsആദിവാസി വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ ഊരുകളില്‍ സാമൂഹിക പഠനമുറികള്‍ ഒരുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഗോത്രവിഭാഗത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും കൊഴിഞ്ഞുപോക്കും പരിഹരിക്കുക, ചിട്ടയായ പഠനത്തിന് സഹായം നല്‍കുക എന്നിവയായിരുന്നു ലക്ഷ്യം. പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരത മിഷനുമായി സഹകരിച്ചാണ് പഠനമുറിയൊരുക്കിയത്. ഇതുവഴി ട്യൂഷന് പോലുള്ള പ്രവര്‍ത്തനങ്ങൾ നടത്തുന്നു. വൈകീട്ട് അതത് ഊരുകളില്‍ സാമൂഹിക പഠനമുറി പ്രവര്‍ത്തിക്കും. കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന രീതിയാണ് അവലംബിക്കുക. ഒന്നാംക്ലാസ് മുതല്‍ സ്കൂളില്‍ പോകുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഉണ്ടാകുന്നവിധമാണ് പദ്ധതി ആവിഷ്കരിച്ചത്.
എന്നാൽ, ഈ പദ്ധതി വഴി എടക്കാട്ടെ ഊരിൽ അക്ഷരവെളിച്ചം എത്തിയില്ല. വിദ്യാഭ്യാസമാണ് ഊരിലെ കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം. പഠനത്തിന് അനുയോജ്യ അന്തരീക്ഷം വീടുകളിൽ ഇല്ല. വിദ്യാഭ്യാസമുള്ള മാതാപിതാക്കളുടെ എണ്ണം കുറവായതിനാൽ അറിവുകൾ പകർന്നു നൽകാൻ സാധിക്കുന്നില്ല. വിദ്യാർഥികൾ ബുദ്ധിമുട്ടുന്നു. വിദ്യാഭ്യാസപരമായി മുന്നോട്ടുപോകാൻ ആഗ്രഹമുള്ള കുട്ടികൾക്ക് നിലവിൽ ട്യൂഷൻ ലഭിക്കുന്നില്ല. അതിന് ട്യൂഷൻ സെൻറർ സ്ഥാപിക്കണമെന്നാണ് ഊരുനിവാസികളുടെ ആവശ്യം. അതിനുള്ള ചെലവ് പട്ടികവർഗ വകുപ്പാണ് വഹിക്കേണ്ടത്. പത്താം ക്ലാസ് വരെ പഠിച്ച ഊരിലുള്ള കുട്ടികളെ ഉപയോഗിച്ച് ട്യൂഷൻ സെൻറർ തുടങ്ങാൻ കഴിയും. മഹാരാജാസ് കോളജിൽനിന്ന് ബി.എസ്സി പാസായ ജ്യോതിയാണ് ഊരിലെ ഉയർന്ന വിദ്യാഭ്യാസമുള്ള കുട്ടി. പഠനമുറി ഒരുക്കാന്‍ സൗകര്യമില്ലാത്ത ഊരുകളില്‍ കെട്ടിടം നിര്‍മിക്കാൻ പണം അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം എടക്കാട്ടുവയലിൽ നടപ്പായില്ല. നല്ലൊരു സാംസ്കാരിക നിലയം നിർമിച്ചുനൽകിയാൽ ഊര് നിവാസികൾക്ക് ഊരുകൂട്ടം ചേരാനും സാംസ്കാരിക പരിപാടികൾ നടത്താനും കഴിയും.
പണിയില്ല; പെരുകുന്നു കടം
വൈപ്പിൻ, ഞാറക്കൽ, പറവൂർ തുടങ്ങി ജില്ലയിലെ പല സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ് ഊരിലുള്ളവർ. ജീവിച്ച സ്ഥലങ്ങളിൽ കൂലിവേല ഉണ്ടായിരുന്നു. എടക്കാട്ടുവയലിൽ എത്തിയപ്പോൾ ഉപജീവനവഴി അടഞ്ഞു. നിർമാണ മേഖലയിൽ പണിയെടുക്കുന്നവരും കാടുവെട്ടി തെളിയിക്കുന്ന ജോലിചെയ്യുന്നവരും ഇവിടെയുണ്ട്. ഊരിലെത്തിയപ്പോൾ തൊഴിലില്ലായ്മ രൂക്ഷമായി. കൃത്യമായ വരുമാനമാർഗങ്ങൾ ഇല്ലാത്തതിനാൽ ഗുണഭോക്താക്കൾ ഉപജീവനത്തിന് തടസ്സം നേരിടുന്നു. പുതിയ സ്ഥലത്തുവന്ന് താമസിച്ചതിനാൽ പരിചയമുള്ളവർ കുറവാണ്. കൂലിവേലക്കുപോലും നാട്ടുകാർ ഊരിലുള്ളവരെ വിളിക്കാറില്ല. നിർമാണമേഖലയിൽ അന്തർ സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. കുടുംബശ്രീ നടത്തുന്ന ഊരിലെ കെട്ടിട നിർമാണത്തിൽപോലും ഇവരെ വിളിക്കാറില്ല. തൊഴിലുറപ്പാണ് ഏക ആശ്രയം.
ഗ്രാമപഞ്ചായത്ത് ആട്, കോഴി വിതരണവും കോഴിക്കൂടും നൽകിയെങ്കിലും അഴിമതിയുടെ വിളിനിലമായി. ചിലർക്ക് ലഭിച്ച കോഴിക്കൂടിന് മൂന്ന് കാലേയുള്ളൂ. സ്വന്തമായി ഭവനനിർമാണം നടത്തുന്നവർ വായ്പയെടുത്ത് കട ബാധ്യതകളിൽ കുടുങ്ങി. കോവിഡ് കാലമായപ്പോൾ കടംകൂടി. അടുത്ത കടകളിലെല്ലാം സാധനങ്ങൾ വാങ്ങിയതിന് പണം കൊടുക്കാനുണ്ട്. തൊഴിലുറപ്പ് ലഭിക്കുമ്പോഴേ കടം വീട്ടാൻ കഴിയൂ എന്ന അവസ്ഥയാണ്. രോഗം വന്നാൽ ചികിത്സ ലഭിക്കുക പ്രയാസമാണ്. ബസ് സർവിസ് ഈ മേഖലയിലേക്കില്ല. അതിനാൽ, ആശുപത്രികളിലേക്ക് പോവുക പ്രയാസമാണ്. ചികിത്സരംഗത്ത് ക്ലിനിക്ക് തുടങ്ങിയാൽ ഒരുപരിധിവരെ പ്രശ്നപരിഹാരം ഉണ്ടാകും. മൂന്നുപ്രാവശ്യം സർവേ നടത്തിയിട്ടും കൃത്യമായ രീതിയിൽ സ്വന്തം ഭൂമിയെക്കുറിച്ച് അറിയാത്തവരും ഇവിടെയുണ്ട്.
10 ലക്ഷത്തിൽ പാർക്ക് ഒരുക്കി; പ്രദേശവാസികൾക്ക് ഉപകാരമില്ല
പ്രഫ. കെ.വി. തോമസിന്റെ എം.പി ഫണ്ടിൽനിന്ന് 10 ലക്ഷം ഉപയോഗിച്ചാണ് ഊരിലെ കുട്ടികൾക്ക് കളിക്കാൻ പാർക്ക് നിർമിച്ചത്. പ്രത്യേകമായി മതിൽ കെട്ടി ഊരിന്റെ നടുവിൽ തട്ടുതട്ടായി സ്ഥലം ഒരുക്കി. അത് പുല്ല് കയറി കാടുപിടിച്ച് കിടക്കുകയാണ്. ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. അതിനുള്ളിൽ കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളൊന്നുമില്ല. പ്രവേശിക്കാൻ തടസ്സം കുടുംബശ്രീക്കാരാണെന്ന് ഊരു നിവാസികൾ പറയുന്നു. അവർ കെട്ടിട നിർമാണത്തിനുള്ള ഉപകരണങ്ങളും മറ്റും അവിടെയാണ് സൂക്ഷിക്കുന്നത്. ഫലത്തിൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്.
ആദിവാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഗ്രാമസഭയാണ് ഊരുകൂട്ടം. പട്ടികവർഗവകുപ്പ് ഊരുകൂട്ടങ്ങളുടെ പ്രവർത്തനത്തിനായി പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. വർഷത്തിൽ രണ്ടുതണ ഊരൂകൂട്ടം ചേരണം. യോഗത്തിൽ പ്രമോട്ടർ, പട്ടികവർഗ വകുപ്പിൽ ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, മെംബർമാർ, ഊരുമൂപ്പൻ തുടങ്ങിയവർ പങ്കെടുക്കണം എന്നാണ് വ്യവസ്ഥ. പുനരധിവാസ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ആദിവാസികൾക്ക് നേരിട്ട് സംസാരിക്കാവുന്ന ഇടമാണ് ഊരൂകൂട്ടം. ഇവിടെ ചടങ്ങിന് വർഷത്തിൽ ഒരുതവണ ഊരുകൂട്ടം ചേർന്നു. അതിൽ പട്ടികവർഗ ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. യോഗം വെറും പ്രഹസനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.