തെരുവിൽ മുറിപ്പെട്ട നായ്ക്കൾക്ക് ആലയമാണ് സാമിെൻറ ഈ ഭൂമി
text_fieldsകൊച്ചി: തൃപ്പൂണിത്തുറക്കടുത്ത് കരിങ്ങാച്ചിറയിലെ സാം വർഗീസ് ജോണിയുടെ രണ്ടേക്കർ ഭൂമി തെരുവുനായ്ക്കളുടെ ആലയമാണ്. അപകടത്തിൽ പരിക്കേറ്റും പലവിധ അസുഖങ്ങളാൽ വലഞ്ഞും കഴിയുന്ന ഒരുപാട് തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രമാണ് ഈ ഭൂമി. നായ്ക്കൾ മാത്രമല്ല, കോഴി, ആട്, കാള, പന്നി തുടങ്ങി ഇവിടെയില്ലാത്ത ജന്തുജാലങ്ങളില്ല. കഴിഞ്ഞവർഷം ഹൃദയാഘാതത്തെ തുടർന്ന് ജീവൻ പൊലിഞ്ഞ സാമിെൻറ പിതാവ് ജോണി വി. ജോൺ 2005ൽ തുടക്കമിട്ട ഈ ഫാം ഹൗസ് നോക്കിനടത്തുന്നത് പൈലറ്റാവാൻ പഠിക്കുന്ന സാമും ബിസിനസുകാരിയായ മാതാവ് റീന ജോണിയുമാണ്. ഈ ഫാമിനെയും ജീവജാലങ്ങളെയുമെല്ലാം ജീവനുതുല്യം സ്നേഹിച്ചിരുന്ന ജോണിയുടെ ഭൗതികശരീരം അദ്ദേഹത്തിെൻറ ആഗ്രഹപ്രകാരം അടക്കം ചെയ്തിരിക്കുന്നതും ഇതിനകത്തുതന്നെ.
പ്രായമേറി ഉപേക്ഷിക്കപ്പെടുന്ന ഓമന മൃഗങ്ങളും വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ് റോഡരികിൽ വീണുകിടക്കുന്ന തെരുവുനായ്ക്കളുമെല്ലാമായി 40ഓളം േപർ ഇവിടെയുണ്ട്. സോഫി, ജൂലി, ജെന്നി, ഡെയിൻ, ജംബോ തുടങ്ങി എല്ലാവർക്കും സാമും അമ്മയും പേരുമിട്ടിട്ടുണ്ട്.
ഇവരെ കൂടാതെയാണ് അരയന്നം, ടർക്കി കോഴി, ഗിനിക്കോഴി തുടങ്ങി മറ്റ് പക്ഷിമൃഗാദികളുമുള്ളത്. ഒരാളും പരസ്പരം ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല.
അര കിലോമീറ്റർ അകലെയുള്ള ഫ്ലാറ്റിനകത്തും ഏഴ് വിവിധയിനം നായ്ക്കൾ ഓടിനടക്കുന്നുണ്ട്. അവശനിലയിലുള്ളവരെ വിലയേറിയ മരുന്നും ചികിത്സയും നൽകി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന സാം നല്ലരീതിയിൽ നോക്കുമെന്ന് ഉറപ്പുനൽകുന്ന മൃഗസ്നേഹികൾക്ക് നൽകാറുമുണ്ട്. വളർത്താൻ കഴിയാത്തതിനാൽ ചിലർ ഹൃദയവേദനയോടെ ഏൽപിക്കുന്ന വിദേശി ഇനങ്ങളെയും തെരുവിൽ വേദനയോട് മല്ലിടുന്ന നാടൻ ഇനങ്ങളെയും ഒരുപോലെ സ്വീകരിക്കും. മരുന്നിനും ഭക്ഷണത്തിനുമായി നല്ലൊരു തുക ചെലവാകും.
''ഡാഷ് ഇനത്തിൽപെട്ട നായ്ക്കുട്ടിയെ വാങ്ങിയാണ് അപ്പാ തുടങ്ങിയത്. പിന്നീട് ഒരെണ്ണത്തിനെപ്പോലും വാങ്ങിയിട്ടില്ല. അപ്പക്ക് ഇത് ഒരു ഫ്രൂട്ട് ഫാം ആക്കണമെന്നായിരുന്നു ആഗ്രഹം. റംബുട്ടാൻ, മാംഗോസ്റ്റിൻ, വിവിധയിനം മാവ്, സീതപ്പഴം തുടങ്ങി ഒത്തിരി ഫലവൃക്ഷങ്ങളും ഇവിടെ വളരുന്നുണ്ട്. അപ്പയിൽനിന്ന് പഠിച്ച കാര്യങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്'' സാം പറയുന്നു. 2017ൽ മൃഗസംരക്ഷണ വകുപ്പിെൻറ ജന്തുക്ഷേമ പുരസ്കാരം ജോണിയെ തേടിയെത്തിയിരുന്നു. മറ്റ് ഏത് തിരക്കുണ്ടെങ്കിലും വൈകീട്ട് മൂന്നു മുതൽ ഏഴുവരെ ഈ 23കാരൻ മൃഗങ്ങളുടെ തീറ്റയും മറ്റുമായി ഇവിടെത്തന്നെയുണ്ടാകും.
ഒരു പതിറ്റാണ്ടിലേറെയായി മുരളി എന്നയാളും ഫാമിലെ കാര്യങ്ങൾ ചെയ്യാൻ ഓടിനടക്കുന്നുണ്ട്. ബംഗളൂരുവിലുള്ള സാമിെൻറ സഹോദരി ഷേബ എലിസബത്ത് ജോണിയും നാട്ടിലെത്തിയാൽ ഈ ഓമനകൾക്കരികിൽ ഓടിയെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.