യു.ഡി.എഫിന് ജില്ലയിൽ പത്തിടത്ത് ഉറച്ച വിജയപ്രതീക്ഷ
text_fieldsകൊച്ചി: ജില്ലയിൽ 14 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ പങ്കുവെച്ച് യു.ഡി.എഫ് ജില്ല നേതൃയോഗം. കോതമംഗലം, വൈപ്പിൻ, കുന്നത്തുനാട്, കളമശ്ശേരി എന്നിവിടങ്ങളിൽ ചില ഘടകങ്ങൾ യു.ഡി.എഫിന് എതിരായി പ്രവർത്തിച്ചിട്ടുണ്ട്. എങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും വിജയം നേടുമെന്ന് മണ്ഡലങ്ങളിൽനിന്ന് ലഭിച്ച കണക്കുകൾ സൂചിപ്പിക്കുന്നതായും യോഗം വിലയിരുത്തി.
കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളായി വിലയിരുത്തിയത് പറവൂരും ആലുവയുമാണ്. പറവൂരിൽ 20,000 -23,000 ആലുവയിൽ 18,000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
കുന്നത്തുനാട്ടിൽ ട്വൻറി20 ഫാക്ടർ യു.ഡി.എഫ്, എൽ.ഡി.എഫ് വോട്ടുകളെ ബാധിച്ചിട്ടുണ്ട്. മണ്ഡലം യു.ഡി.എഫ് നേതൃത്വം 10,000 വോട്ടുകളുടെ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 3000-5000 വോട്ടുകളോടെ വിജയിക്കുമെന്നാണ് ജില്ല നേതൃത്വത്തിെൻറ പ്രതീക്ഷ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ട്വൻറി20 പിടിച്ച വോട്ടുകൾ ഇക്കുറി അവർക്ക് ലഭിക്കില്ല. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥി ഇന്നസെൻറിന് അനുകൂലമായി ട്വൻറി20 പ്രവർത്തിച്ചെങ്കിലും 1200 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നേടിയത്. 6000-7000 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് പ്രതീക്ഷിച്ചത്. അതിനാൽ ഇക്കുറി യു.ഡി.എഫിെൻറ വിജയ തിളക്കം കുറക്കാൻ മാത്രമാണ് ട്വൻറി20ക്ക് കഴിയൂവെന്നും യോഗം വിലയിരുത്തി.കളമശ്ശേരിയിൽ 6000 വോട്ടിെൻറ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷ. പ്രചാരണത്തിെൻറ അവസാന നാളുകളിൽ ഇടത് സ്ഥാനാർഥിയുടെ മേൽക്കൈ നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തി. സി.പി.എമ്മിൽ ഉടലെടുത്ത പ്രശ്നങ്ങൾ യു.ഡി.എഫിന് ഗുണംചെയ്തുവെന്നാണ് മണ്ഡലത്തിലെ നിഗമനം. പാലാരിവട്ടം പാലം വിഷയം പ്രതിഫലിച്ചില്ല. തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. മുസ്ലിം ലീഗിലെ പിണക്കങ്ങൾ കൊണ്ട് പരമാവധി 500 വോട്ടുകൾ മാത്രമാണ് സംശയത്തിലുള്ളത്.
കോതമംഗലത്ത് 5000 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവകാശപ്പെടുന്നത്. അവിടെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രചാരണത്തിൽ നിറഞ്ഞു. നെല്ലിക്കുഴി പഞ്ചായത്തിൽ 2000 വോട്ടുകൾ, കോട്ടപ്പടിയിൽ 1000 വോട്ടുകൾ എന്നിങ്ങനെ യു.ഡി.എഫിന് കുറയാൻ സാധ്യത കൽപിക്കുന്നുണ്ട്. എന്നാൽ, മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ ലീഡ് ചെയ്യുമെന്നാണ് വിശ്വാസം. യു.ഡി.എഫിൽനിന്ന് നഷ്ടപ്പെടുന്ന കത്തോലിക്ക വോട്ടുകൾ ഇടതിനും ട്വൻറി20ക്കുമായി വീതിച്ചുപോകുമെന്നും വിലയിരുത്തി.
തൃപ്പൂണിത്തുറയിൽ 10,000ത്തിന് അരികിൽ ഭൂരിപക്ഷമാണ് പ്രതീക്ഷ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് പോയ യു.ഡി.എഫ് വോട്ടുകൾ ഇക്കുറി തിരിച്ചുകിട്ടിയെന്നാണ് മണ്ഡലത്തിലെ വിലയിരുത്തൽ. ഈഴവ വോട്ടുകൾ കെ. ബാബു തിരിച്ചെത്തിച്ചെന്ന് വിശ്വസിക്കുന്നു.
പെരുമ്പാവൂരിൽ സി.പി.എം സ്ഥാനാർഥി മത്സരിച്ചിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നുവെന്നും കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് കാര്യമായി പ്രതിഫലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തി. സി.പി.എം കേന്ദ്രങ്ങളിൽ കാര്യമായി പ്രചാരണം നടന്നിട്ടില്ല. ട്വൻറി20 പിടിക്കുന്നതിൽ യു.ഡി.എഫ്, എൽ.ഡി.എഫ് വോട്ടുകൾ ഉണ്ട്. 7000-8000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീക്ഷ.
രാഹുൽ ഗാന്ധിയുടെ പ്രചാരണം, ആഴക്കടൽ മത്സ്യബന്ധന കരാർ, ഭരണ തുടർച്ച നൽകരുത് എന്ന പൊതുബോധം എന്നിവയൊക്കെ യു.ഡി.എഫിനെ തുണച്ച വിഷയങ്ങളായി ചൂണ്ടിക്കാട്ടി.
കെ. ബാബു നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഡോമിനിക് പ്രസേൻറഷൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മുൻ മന്ത്രി ടി.യു. കുരുവിള, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ, ഷിബു തെക്കുംപുറം, എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഘടകകക്ഷി നേതാക്കളായ അബ്ദുൽ മജീദ്, ജോർജ് സ്റ്റീഫൻ, പി. രാജേഷ്, ഇ.എം. മൈക്കിൾ, തമ്പി ചെള്ളാത്ത്, പ്രസാദ് തൊഴിയിൽ, വിൻസൻറ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.