ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ച് ജലവിഭവ വകുപ്പിന്റെ മണ്ണുമാന്തി യന്ത്രം
text_fieldsകാക്കനാട്: ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ഡ്രൈവർമാരെയും ഉൾപ്പെടെ സിവിൽ സ്റ്റേഷൻ വളപ്പിലെ മുഴുവൻ ജീവനക്കാരെയും വെള്ളം കുടിപ്പിച്ച് ഒരു മണ്ണുമാന്തി യന്ത്രം. പ്രളയം, പ്രകൃതിദുരന്തം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രമാണ് അകത്തുകടത്താൻ കഴിയാതെ ബുദ്ധിമുട്ടിയത്. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രം ജലാശയങ്ങളുടെ ആഴംകൂട്ടാനും ദുരിതബാധിത പ്രദേശങ്ങളിൽ ഉപയോഗിക്കാനുമുള്ളതാണ്.
ജോലി ഇല്ലാത്ത സമയങ്ങളിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ സൂക്ഷിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ജില്ല ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരുന്നതാണ്. ശനിയാഴ്ച ഉച്ചയോടെ വലിയ ട്രെയിലർ ലോറിയിൽ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം അകത്തുകയറ്റാൻ കഴിഞ്ഞില്ല. ആദ്യം സിവിൽ സ്റ്റേഷൻ പ്രധാന കവാടത്തിലൂടെ കടത്താൻ ശ്രമിച്ചെങ്കിലും നീളമുള്ളതിനാൽ നടന്നില്ല.
പിന്നീട് സീപോർട്ട്- എയർപോർട്ട് റോഡിലൂടെ എത്തിക്കാൻ ശ്രമിച്ചെങ്കിലും വൺവേ തെറ്റിച്ച് വന്നതിന് പൊലീസുകാർ പിടികൂടുകയായിരുന്നു. ജലവിഭവ വകുപ്പ് അധികൃതർ എത്തി കാര്യം പറഞ്ഞതോടെ വിട്ടയച്ചെങ്കിലും സിവിൽ സ്റ്റേഷന്റെ സീപോർട്ട്- എയർപോർട്ട് റോഡിലുള്ള കവാടത്തിലൂടെയും അകത്തേക്ക് കൊണ്ടുപോകൽ ശ്രമകരമായി.
നേരത്തേ ഫിറ്റ്നസ് പരിശോധനക്ക് കൊണ്ടുവന്ന ഭാരവാഹനങ്ങൾ ഇടിച്ച് സിവിൽ സ്റ്റേഷൻ മതിലുകൾക്ക് കേടുപാടുകളുണ്ടാകുന്നത് സ്ഥിരം സംഭവമായിരുന്നു. ഇത് ആവർത്തിക്കുമോ എന്ന ഭയമായിരുന്നു ഉദ്യോഗസ്ഥർക്ക്. ഏറെ നേരത്തേ പരിശ്രമങ്ങൾക്കൊടുവിൽ വാഹനം അകത്തെത്തിയെങ്കിലും ഇനിയിത് എങ്ങനെ പുറത്തിറക്കും എന്ന ആശയക്കുഴപ്പത്തിലാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.