ഭര്‍തൃവീട്ടുകാരുടെ ഉപദ്രവത്തിനെതിരെ പരാതിയുമായി യുവതി
text_fieldsപെരുമ്പാവൂര്‍: ഭര്‍തൃവീട്ടുകാര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി യുവതിയും രണ്ടു പെണ്മക്കളും. സൗത്ത് വാഴക്കുളം ചെമ്പറക്കി എത്തിയില് വീട്ടില്‍ റിന്‍സി അന്‍വറും 11ഉം 14ഉം വയസ്സുള്ള രണ്ടു പെണ്മക്കളുമാണ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് അന്‍വര്‍ വിദേശത്ത് ജോലിചെയ്യുകയാണ്.
യുവതിയും മക്കളും ഭര്‍തൃവീട്ടിലാണ് താമസം. ഇവിടെനിന്ന് ഒഴിവാക്കാനായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം ശല്യം ചെയ്യുകയാണെന്നും ഇതിന്റെ ഭാഗമായി ഭര്‍ത്താവിന്റെ സഹോദരന് വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ 10 അടിയോളം ഉയരത്തില്‍ പഴകിയ കോഴിവളം രണ്ടുവര്‍ഷത്തിലധികമായി സൂക്ഷിച്ചിരിക്കുകയാണെന്നും കടുത്ത ദുര്‍ഗന്ധം വമിപ്പിക്കുന്ന ഇത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും യുവതി പറയുന്നു. ഇതിനെതിരെ വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥന് പരാതി ശരിവെച്ചു. പഞ്ചായത്ത് കമ്മിറ്റി മൂന്ന് അംഗങ്ങളെ വെച്ച് നടത്തിയ അന്വേഷണത്തിലും പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടെങ്കിലും കോഴിവളം നീക്കംചെയ്യാനുള്ള നടപടിയെടുത്തില്ല.
ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്ത് സമ്പാദിച്ച പണം ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കിയെന്നും അദ്ദേഹത്തിന്റെ പണം ചെലവഴിച്ച് നാട്ടില്‍ വാങ്ങിയ സ്ഥലവും വീടും സഹോദരന് ചതിയിലൂടെ കൈവശപ്പെടുത്തിയെന്നും തന്നോടും മക്കളോടും ഭര്‍തൃവീട്ടുകാര്‍ മോശമായി പെരുമാറുന്നതായും ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാരി പറയുന്നു. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത്, പൊലീസ്, വനിത കമീഷന്, ബാലാവകാശ കമീഷന് എന്നിവിടങ്ങളിലൊക്കെ നല്കിയ പരാതികള്‍ തീര്‍പ്പാക്കുന്നില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും യുവതി അറിയിച്ചു.
ഇതിനിടെ റിന്‍സി വയോധികയായ ഭര്‍തൃമാതാവിനെ ഉപദ്രവിച്ചെന്ന ആരോപണവുമായി അന്‍വറിന്റെ സഹോദരന് റഫീഖ് രംഗത്തെത്തി. താമസിക്കാന്‍ അവകാശമില്ലെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറക്കിവിട്ട 75 വയസ്സുള്ള മാതാവ് വാടകക്ക് താമസിക്കുകയാണ്. ഫെബ്രുവരിയില്‍ കമ്പനി ആവശ്യത്തിന് സൂക്ഷിച്ചിരുന്ന കോഴിത്തീറ്റ റിന്‍സിയും കൂട്ടരും ചേര്‍ന്ന് നശിപ്പിച്ചെന്നും തടയാന്‍ ചെന്ന മാതാവിനെ ഉപദ്രവിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനില്‍ കേസ് നിലനില്‍ക്കുകയാണെന്നും കോടതി ഇടപെട്ട് വയോധികക്ക് സംരക്ഷണ ഉത്തരവ് നല്‍കിയിരിക്കുകയാണെന്നും റഫീഖ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.