രാത്രി യാത്രക്ക് ബസുകളില്ല; യാത്രക്കാര്‍ വലയുന്നു
text_fieldsകിഴക്കമ്പലം: എറണാകുളം, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നും രാത്രി 8.30 ന് ശേഷം പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം, കരിമുകൾ പ്രദേശങ്ങളിലേക്ക് ബസില്ലാത്തത് യാത്രക്കാരെ വലക്കുന്നു. പുലർച്ച 6.35 ന് ശേഷമാണ് തൃപ്പൂണിത്തുറയിൽ നിന്ന് കരിമുകൾ വഴി ആലുവ ഭാഗത്തേക്ക് ബസുകളുള്ളത്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പോയിവരുന്നതിനും അകലങ്ങളില്‍ നിന്നുവരുന്ന യാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതം.
വ്യവസായ മേഖലയായ കിഴക്കമ്പലം, പള്ളിക്കര, കരിമുകള്‍, അമ്പലമുകൾ എന്നിവിടങ്ങളിലേക്ക് ആലുവ, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുകളില്‍ രാത്രിയിറങ്ങി വരുന്ന നൂറുകണക്കിനു തൊഴിലാളികള്‍ക്ക് ബസ് കിട്ടാറില്ല. യാത്രക്കാര്‍ കൂടുതല്‍ തുക നൽകി ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മഴ ശക്തമായതോടെ ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളും കിട്ടുക പ്രയാസമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് രാത്രി 10.50ന് ആലുവയില്‍ നിന്നും അമ്പലമുകളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്തിയിരുന്നു. പിന്നീട് അതു നിര്‍ത്തലാക്കിയത് യാത്രക്കാരെ വലച്ചു.
മൂവാറ്റുപുഴയില്‍ നിന്നും കലൂരിലേക്ക് കൂടുതല്‍ കെ.എസ്.ആര്.ടി.സി സർവിസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ ഓടാനുള്ള പെര്‍മിറ്റില്ല. രാത്രി 9.30 വരെ ആലുവയില്‍ നിന്നും കിഴക്കമ്പലം വഴി സ്വകാര്യബസുകളുണ്ടങ്കിലും ഇടക്ക് വെച്ച് ട്രിപ്പ് കട്ട് ചെയ്യുകയാണ്. യാത്രക്കാരുടെ ദുരിതം മനസ്സിലാക്കി ജനപ്രതിനിധികള്‍ രാത്രികാല ബസ് സർവീസുകൾ പുനസ്ഥാപിക്കുകയോ അല്ലെങ്കിൽ ആലുവ തൃപ്പൂണിത്തുറ റൂട്ടിൽ കെ.എസ്.ആർ.ടി.സി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.