ബോട്ടുണ്ട്, സർവിസില്ല; ജനം ദുരിതം പേറുന്നു
text_fieldsഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് സർവിസ് നടത്തുന്ന റോ റോ വെസലുകൾ അടിക്കടി തകരാറിലായി ജനം ദുരിതത്തിലാകുമ്പോഴും ബോട്ട് സർവിസ് പരിഗണിക്കാതെ കൊച്ചി നഗരസഭയും കിൻകോയും. ഫോർട്ട്കൊച്ചി-വൈപ്പിൻ മേഖലയിൽ യാത്രക്കാർക്ക് ഫോർട്ട് ക്വീൻ എന്ന ബോട്ടും, സേതു സാഗർ 1, 2 എന്നിങ്ങനെ രണ്ട് റോ റോ വെസലുകളുമാണ് കൊച്ചി നഗരസഭ പണിതിറക്കിയത്.
നടത്തിപ്പ് ചുമതല കിൻകോക്കും നൽകി. റോ റോ നീറ്റിലിറക്കി മാസങ്ങൾ പിന്നിട്ടതോടെ ഫോർട്ട് ക്വീൻ ബോട്ട് പിൻവലിച്ചു. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരാണ് ബോട്ട് ആശ്രയിച്ചിരുന്നത്. ബോട്ട് ഇല്ലാത്തതിനാൽ വാഹനങ്ങൾക്കൊപ്പം ഞെരുങ്ങിക്കൂടിയാണ് യാത്രക്കാർ റോ റോയിൽ യാത്ര ചെയ്യുന്നത്. യാത്രക്കാർ മഴയും വെയിലുമേറ്റ് ദുരിതപൂർണ യാത്ര നടത്തുമ്പോഴും വർഷങ്ങളായി സർവിസ് നടത്താതെ ബോട്ട് മാറ്റിയിട്ടിരിക്കുകയാണ് അധികൃതർ. ബോട്ട് ഉപയോഗിക്കാതെ തുരുമ്പെടുക്കുമ്പോഴും അധികൃതർക്ക് കുലുക്കമില്ല.
2018ൽ റോ റോയും ബോട്ട് സർവിസും കിൻകോയെ ഏൽപിച്ചതോടെ നഷ്ടത്തിന്റെ പേരിൽ നഗരസഭയുടെ ഒത്താശയോടെ കിൻകോ ബോട്ട് സർവിസ് നിർത്തലാക്കിയത്. മഴയും വെയിലുമേൽക്കാതെ ഇരുന്നുള്ള ബോട്ട് യാത്രയുടെ സൗകര്യങ്ങൾ നിഷേധിച്ചാണ് കൊച്ചി നഗരസഭയും കിൻകോയും ആയിരക്കണക്കിന് പേരെ വലച്ചുകൊണ്ടിരിക്കുന്നത്. അനുദിനമെന്നോണം റോ റോ വെസലുകൾ തകരാറിലാകുമ്പോൾ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. എന്നാൽ, ഇതൊന്നും വകവെക്കാതെ നീങ്ങുകയാണ് അധികൃതർ. റോ റോ സർവിസ് നടത്തുമ്പോഴും ബോട്ട് സർവിസ് തുടരണമെന്ന ആവശ്യത്തെ അവഗണിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് സംഘടനകൾ. ഒപ്പം നിയമനടപടിക്കുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. പ്രതിവർഷം കോടികളുടെ വരുമാനമുണ്ടായിട്ടും നഷ്ടത്തിന്റെ മറവിൽ നഗരസഭാധികൃതർക്ക് വരുമാന വിഹിതം നല്കാതെ കിൻകോയും സുതാര്യത ഉറപ്പാക്കാതെ നഗരസഭയും ഒത്തുകളിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.