കിഴക്കമ്പലം-നെല്ലാട് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമില്ല
text_fieldsകിഴക്കമ്പലം: കിഴക്കമ്പലം-നെല്ലാട് റോഡിന്റെ ശോച്യാവസ്ഥ പരിഹാരമില്ലാതെ നീളുന്നു. പുതിയ കരാറുകാരനും കൈയൊഴിയുന്നതോടെ നാട്ടുകാരുടെ പ്രതീക്ഷ അസ്തമിക്കുകയാണ്. റോഡിന്റെ കരാറെടുത്തയാൾ പണി ഉപേക്ഷിക്കാൻ തയാറെടുക്കുകയാണെന്നാണ് വിവരം. പെരുമ്പാവൂർ ബൈപാസിന്റെ ആദ്യ റീച്ച് 80 കോടി രൂപയുടെ ജോലി ഏറ്റെടുത്തിരിക്കുന്നത് ഇതേ കരാറുകാരനാണ്.
കിഴക്കമ്പലം റോഡിന്റെ ജോലി ജനുവരി 15നുമുമ്പ് തീർത്ത് പെരുമ്പാവൂർ ബൈപാസ് റോഡിന്റെ നിർമാണ പ്രവർത്തനവുമായി പോകാനായിരുന്നു കരാറുകാരന്റെ പദ്ധതി. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറിലേക്ക് കടക്കേണ്ട നെല്ലാട് റോഡിന്റെ ഫണ്ട് സർക്കാർ തലത്തിൽ തീരുമാനമാകാത്തതാണ് കരാറുകാരനെ കുടുക്കിയത്. ഒരു മാസം മുമ്പാണ് ടെൻഡർ നടപടി പൂർത്തിയായയത്.
10.45 കോടി രൂപയായിരുന്നു റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി കെ.ആർ.എഫ്.ബി അനുവദിച്ചത്. എന്നാൽ ആ തുകക്ക് ആരും ടെൻഡർ എടുത്തില്ല. 15 ശതമാനം കൂടിയ തുകക്കായിരുന്നു നിലവിലെ കരാറുകാരൻ ക്വാട്ട് ചെയ്തത്. കെ.ആർ.എഫ്.ബി നടത്തിയ ചർച്ചയിൽ 9.92 ശതമാനം തുകക്ക് കഴിഞ്ഞ 21ന് കരാർ ഉറപ്പിച്ചു.
തുക അനുവദിക്കുന്നതിനായി സർക്കാർ പരിഗണനക്കയച്ച ഫയൽ ഇതുവരെ ജീവൻ വെച്ചിട്ടില്ല. ഇനിയും കാത്തുനിൽക്കാനാകില്ലെന്നും പെരുമ്പാവൂർ ബൈപാസ് ജോലിയുമായി മുന്നോട്ട് പോവുകയാണെന്നുമാണ് കരാറുകാരൻ പറയുന്നത്.
ഇതോടെ 15 വർഷമായി തുടരുന്ന നെല്ലാട് കിഴക്കമ്പലം നിവാസികളുടെ ദുരിതം ഇരട്ടിയാകും. മഴ മാറി വേനൽ കടുത്തതോടെ റോഡിന് ഇരുവശവുമുള്ളവരുടെ ദുരിതം ഇരട്ടിയാണ്. തകർന്ന റോഡിൽ നിന്ന് പൊടിയടിച്ച് ശ്വാസകോശ രോഗങ്ങളാലടക്കം വലയുകയാണ് റോഡിന് ഇരുവശവുമുള്ളവർ.
നാട്ടുകാർ വീണ്ടും അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സമരത്തിന് ഒരുങ്ങുകയാണ്. റോഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ അടുത്തദിവസം വീണ്ടും വാദം കേൾക്കുന്നുണ്ട്. നിലവിലുള്ള സാഹചര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നെല്ലാട് റോഡ് സംരക്ഷണ സമിതിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.