അരികിൽ മൂന്നാം തരംഗ ഭീതി
text_fieldsകൊച്ചി: ആഗസ്റ്റോടെ മൂന്നാംതരംഗമുണ്ടായേക്കാമെന്ന ഭീതിക്കരികെ നിൽക്കെ ജില്ലയിലെ കോവിഡ് വ്യാപനം വർധിക്കുന്നു. കോവിഡ് പരിശോധനയുടെ എണ്ണം വർധിച്ച രണ്ട് ദിവസങ്ങളിൽ ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് 10 ശതമാനത്തിന് മുകളിലേക്കുയർന്നു.
ജൂലൈ ആദ്യവാരത്തോടെ ഏഴുവരെ താഴ്ന്ന പ്രതിദിന രോഗസ്ഥിരീകരണ നിരക്കാണ് പത്തിലേക്ക് ഉയർന്നത്. 15 ശതമാനത്തിന് മുകളിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകൾ 28ലേക്കും ഉയർന്നു.
പ്രതിദിനം കോവിഡ് നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം രണ്ടായിരത്തിലേറെയാണ്. സമ്പർക്ക രോഗബാധ ആയിരത്തിലേറെയും.
പ്രതിദിനം രോഗികൾ രണ്ടായിരത്തിലേറെ ഉയർന്ന ദിവസവും ഉണ്ടായി. വ്യാപനം പിടിച്ചുകെട്ടാനും കുറച്ചുകൊണ്ടുവരാനും പല തദ്ദേശ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. നിയന്ത്രണങ്ങൾക്ക് ഏകീകൃത സ്വഭാവം പലയിടത്തും ഇല്ലെന്ന് വിമർശനമുണ്ട്. പലയിടത്തും വ്യാപാരികളുെടയും പൊതുജനങ്ങളുെടയും സഹകരണം ഉറപ്പാക്കാനും കഴിയുന്നില്ല. ഇത് വ്യാപനം കുറക്കുന്നതിന് വലിയ തടസ്സമായി നിൽക്കുകയാണ്.
അടുത്തടുത്ത് ഉത്സവ സീസണുകൾ എത്തിയതും വ്യാപന ഭീതി ഉയർത്തുന്നുണ്ട്. ട്രിപ്ൾ ലോക്ഡൗണിനുപുറമെ മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാക്കിയും ലോക്ഡൗൺ നിയന്ത്രണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് ചികിത്സക്ക് ജില്ലയിൽ വിവിധ വിഭാഗങ്ങളിലെ ആശുപത്രികളിലായി തയാറാക്കിയ 4829 കിടക്കയിൽ 2101 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലും വീണ്ടും രോഗികളായിത്തുടങ്ങി. ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരത്തോട് അടുത്തിരുന്നത് വീണ്ടും പതിനയ്യായിരത്തിലേറെയായി. വാക്സിനേഷനിൽ ഒന്നാമതാണെങ്കിലും കോവിഡ് വ്യാപനത്തിെൻറ കാര്യത്തിൽ ഹോട്ട് സ്പോട്ടിൽ തന്നെയാണ് ജില്ല. ഇതുവരെ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ മാതൃക മറ്റ് തദ്ദേശസ്ഥാപനങ്ങൾ പിന്തുടരണമെന്ന നിർദേശമാണ് ആരോഗ്യ വകുപ്പിനുള്ളത്. വാർഡുതലത്തിലുള്ള ജാഗ്രത സമിതികൾ ശക്തിപ്പെടുത്താനുള്ള നിർദേശവും നൽകി കഴിഞ്ഞു. പ്രതിവാര ലോക്ഡൗണുമായി പൊതുജനങ്ങൾ പൊരുത്തപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അതേസമയം, തിങ്കളാഴ്ചകളിലെ തിരക്ക് വർധിക്കുന്നുണ്ട്.
'കോവിഡ് പ്രോട്ടോകോളും നിയന്ത്രണങ്ങളും ശക്തമാക്കും'
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വർധിപ്പിക്കാനും നിയന്ത്രണങ്ങളും മറ്റ് നടപടികളും ശക്തമായി നടപ്പാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു. ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
കോവിഡ് പരിശോധന, സമ്പർക്കപട്ടിക തയാറാക്കൽ, വാക്സിനേഷൻ, ടി.പി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ജില്ലയിലെ ആരോഗ്യവിഭാഗം യോഗത്തിൽ വിശദീകരിച്ചു. ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കോവിഡ് പരിശോധന വ്യാപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
കൂടുതല്‍ ഇളവുള്ള പ്രദേശങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടാതെ നോക്കുന്നതിനൊപ്പം അവരെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി. യോഗങ്ങളിലും മറ്റും ഭക്ഷണവിതരണം പൂർണമായും ഒഴിവാക്കണം. തീരദേശ മേഖലകൾ ഉൾെപ്പടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിഗണന നൽകാനും ചീഫ് സെക്രട്ടറി നിർദേശിച്ചു.
ജില്ലയില്‍ ടി.പി.ആര് ഉയര്ന്നുനില്ക്കുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ജില്ല കലക്ടർ ജാഫർ മാലിക് പറഞ്ഞു. ജാഗ്രത സമിതികളും ശക്തമായി പ്രവർത്തിക്കണം. മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളില്‍ നിയന്ത്രണം ശക്തിപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്കി. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന് എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും പരിശോധനസൗകര്യം ഏര്‍പ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.