പീഡാനുഭവ സ്മരണകൾ പുതുക്കി മലയാറ്റൂർ കുരിശ്മുടിയിൽ ആയിരങ്ങൾ മല ചവിട്ടി
text_fieldsമലയാറ്റൂർ (എറണാകുളം): ക്രിസ്തുവിന്‍റെ കുരിശ് മരണത്തിന്‍റെ പീഡാനുഭവ സ്മരണകൾ പുതുക്കി ആയിരങ്ങൾ ദുഃഖ വെള്ളിയാഴ്ച അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ മലചവിട്ടി. പെസഹാ വ്യാഴാഴ്ച മുതൽ ആരംഭിച്ച തീർഥാടകരുടെ അണമുറിയാത്ത പ്രവാഹം ദുഃഖ വെള്ളിയാഴ്ചയും തുടർന്നു.
കുരിശ്മുടിയിലും അടിവാരത്തും വിശ്വാസികൾ തിങ്ങി നിറഞ്ഞു. പ്രധാന റോഡുകളും വൺവേ സമ്പ്രദായം എർപ്പെടുത്തിയ റോഡുകളിലും മണപ്പാട്ട് ചിറ റിങ് റോഡിലും മണിക്കൂറുകൾ നീളുന്ന ഗതാഗത സ്തംഭനമുണ്ടായി. ചെറുതും ഭാരമുള്ളതുമായ കുരിശുകൾ ചുമന്ന് കാവിയും കറുപ്പും വസ്ത്രങ്ങളണിഞ്ഞ് കാൽനടയായ് നിരവധി തീർഥാടകരാണ് മല കയറാനെത്തിയത്.
അടിവാരത്തുള്ള ഒന്നാം സ്ഥലം മുതൽ ക്രിസ്തുവിെൻറ കുരിശ് മരണം ഓർമിപ്പിക്കുന്ന പതിനാലാം സ്ഥലം വരെയുള്ള ഒന്നര കിലോമീറ്റർ കുരിശിെൻറ വഴി അനുഷ്ഠിച്ചും പൊന്നിൻ കുരിശ്മല മുത്തപ്പോ പൊൻമല കയറ്റം എന്ന ജപ മന്ത്രങ്ങളുമുരുവിട്ടുമാണ് വിശ്വാസികൾ മല കയറുന്നത്.
പൊൻമലയിലെ പൂജ്യ സ്ഥലങ്ങളായ സന്നിധി, കാൽപാദം, പൊന്നിൻ കുരിശ്, ഉറവ, വലിയ പള്ളി, ആനകുത്തിയ പള്ളി, മാർത്തോമ മണ്ഡപം, കൽപടവുകൾ, മാർത്തോമ ഭവൻ എന്നിവിടങ്ങളിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ച ശേഷമാണ് മലയിറക്കം.
പീഡാനുഭവ വെള്ളിയാഴ്ച താഴത്തെ പള്ളിയിൽനിന്ന് അടിവാരത്തുള്ള വാണിഭത്തടം പള്ളിയിലേക്ക് നടന്ന വിലാപ യാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുരിശ്മുടി റെക്ടർ ഇൻ ചാർജ് ഫാ. വർഗീസ് മണവാളൻ പീഡാനുഭവ സന്ദേശം നൽകി.
സമുദ്ര നിരപ്പിൽനിന്ന് 1269 അടി ഉയരത്തിലാണ് കുരിശ്മുടി സ്ഥിതി ചെയ്യുന്നത്.1998ൽ അതിരൂപത തീർഥാടന കേന്ദ്രമായും 2004ൽ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായും വത്തിക്കാൻ പ്രഖ്യാപിച്ചത്. വലിയ ശനിയാഴ്ച രാവിലെ ആറിന് മാമ്മോദീസ വ്രത നവീകരണം, ദിവ്യബലി. രാത്രി 11.45ന് ഉയിർപ്പു തിരുക്കർമങ്ങൾ, തുടർന്ന് പ്രദക്ഷിണം, ദിവ്യബലി.
ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ 5.30, 7.00, വൈകീട്ട് 5.30ന് ദിവ്യബലി നടക്കും. ഏപ്രിൽ 11ന് പുതുഞായർ തിരുനാൾ 18ന് എട്ടാമിടം തിരുനാൾ എന്നിവയോടെ തീർഥാടനം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.