തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വിമർശനങ്ങളും നിർദേശങ്ങളുമായി കോൺഗ്രസ് നേതാക്കൾ
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമർശനങ്ങളും നിർദേശങ്ങളുമായി കോൺഗ്രസ് നേതാക്കൾ. രാഷ്ട്രീയ പോരാട്ടത്തിനാണ് തൃക്കാക്കരയിൽ അരങ്ങുണരുന്നതെന്നും സഹതാപ തരംഗം മാത്രമല്ല മുന്നിൽ കാണേണ്ടതെന്നുമാണ് ജില്ലയിലെ പ്രധാന നേതാക്കളടക്കം ചൂണ്ടിക്കാട്ടുന്നത്. തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങളാണ് പ്രതികരണങ്ങൾക്ക് പിന്നിൽ. അതേസമയം, പ്രചാരണതന്ത്രങ്ങൾ ആലോചിക്കാൻ ബുധനാഴ്ച നടന്ന യു.ഡി.എഫ് തൃക്കാക്കര മണ്ഡലം, കോൺഗ്രസ് ജില്ല നേതൃയോഗങ്ങളിൽ പടലപ്പിണക്കങ്ങൾ മാറ്റിവെച്ച് കെ-റെയിൽ അടക്കം വിഷയങ്ങൾ സജീവ ചർച്ചയാക്കണമെന്ന ആവശ്യമാണ് ഉയർന്നത്. കൂടാതെ, പി.ടി. തോമസ് ചെയ്ത വികസന പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്‍റെ നിലപാടുകൾ എന്നിവയെല്ലാം ഉയർത്തിക്കൊണ്ടുവരണമെന്നും നിർദേശങ്ങളുണ്ടായി.
യു.ഡി.എഫ് ജില്ല ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് എന്നിവർ പരോക്ഷ വിമർശനങ്ങളുമായി രംഗത്തിറങ്ങിയത് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് നേതാക്കൾക്കുണ്ടായിരുന്നത്. തൃക്കാക്കരയിലെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് യു.ഡി.എഫ് നേതൃയോഗം നൽകിയ നിർദേശം. ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണ് ഇനി വേണ്ടതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പരസ്യപ്രതികരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിലെ ജനപിന്തുണ ഇല്ലാതാക്കരുതെന്ന നിർദേശം പൊതുവിൽ നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ജില്ലയിലെ നേതാക്കളോട് ആലോചിക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചെന്നായിരുന്നു നേതൃത്വത്തിനെതിരെ വിമർശനം. ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്‍റേഷൻ തുടങ്ങിയവർ തൃക്കാക്കരയിൽ സ്ഥാനാർഥിയാകാനുള്ള താൽപര്യം അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഹതാപ തരംഗമുണ്ടാകില്ലെന്നും ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥിയാണ് വേണ്ടതെന്നും ഡൊമിനിക് പ്രസന്‍റേഷൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃക്കാക്കരയിൽ സഹതാപ തരംഗമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തിപരമായതല്ല, രാഷ്ട്രീയപരമായ പോരാട്ടമാണെന്ന മറുപടിയാണ് ദീപ്തി മേരി വർഗീസ് നൽകിയത്. സ്ഥാനാർഥി നിർണയത്തിൽ ആരൊക്കെയായി ചർച്ച നടത്തിയെന്ന കാര്യം നേതൃത്വം വ്യക്തമാക്കേണ്ടതാണെന്നും ദീപ്തി പറഞ്ഞു. പാർട്ടി പ്രവർത്തകരോട് ആലോചിക്കാതെ എടുത്ത തീരുമാനമാണെന്നായിരുന്നു ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. മേയ് ഒമ്പതിന് യു.ഡി.എഫ് ഏകോപന സമിതി യോഗം ചേരും.
മാധ്യമ നിരീക്ഷണത്തിന്സമിതി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനായി സമിതി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി-എം.സി.എം.സി) രൂപവത്കരിച്ചു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷനും അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍, ജില്ല ഇന്‍ഫര്‍മാറ്റിക് സെന്റര്‍(എന്‍.ഐ.സി) അഡീഷനല്‍ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ജോര്‍ജ് ഈപ്പന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഐസക് ഈപ്പന്‍, മുതിർന്ന മാധ്യമ പ്രവർത്തകൻ വി.ആര്‍. രാജമോഹന്‍ എന്നിവര്‍ അംഗങ്ങളുമാണ്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവലാണ് മെംബര്‍ സെക്രട്ടറി. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാര്‍ത്തകള്‍ എന്നിവ കണ്ടെത്തി ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുക, പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക എന്നിവയാണ് ചുമതല. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സമൂഹമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാശാലകള്‍, മറ്റ് ദൃശ്യ ശ്രവ്യ മാധ്യമസങ്കേതങ്ങള്‍ തുടങ്ങിയവയെല്ലാം എം.സി.എം.സിയുടെ നിരീക്ഷണ പരിധിയില്‍ വരും.
ജില്ല കലക്ടര്‍ അധ്യക്ഷനായ സമിതിയാണ് സെല്ലില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും കമ്മിറ്റി നിര്‍വഹിക്കും. സമിതിയുടെ അനുമതിയില്ലാത്ത മാധ്യമ പരസ്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളോ സ്ഥാനാർഥികളോ ഉപയോഗിക്കാന്‍ പാടില്ല. പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുമ്പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുമ്പ് സമര്‍പ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.