തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം: അധ്യക്ഷയുടെ വാദങ്ങൾ പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ വിജിലൻസ് പരിശോധനക്ക് പിന്നാലെ കൗൺസിലർമാർക്ക് അധ്യക്ഷ അജിത പണം നൽകി എന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു.
ഭരണകക്ഷിയായ കോൺഗ്രസിലെ മൂന്ന് കൗൺസിലർമാർ അജിതക്ക് പണം മടക്കി നൽകുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. പണം തിരികെ നൽകിയ കൗൺസിലർമാരിൽ ഒരാൾ മൊബൈൽ കാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നാണ് വിവരം.
കൗൺസിലർമാർക്ക് താൻ പണം നൽകിയിട്ടില്ലെന്നും പ്രതിപക്ഷ ഗൂഢാലോചനയാണെന്നുമുള്ള വാദമായിരുന്നു ആദ്യം മുതൽ ചെയർപേഴ്സൻ ഉയർത്തിയിരുന്നത്. എന്നാൽ, പണം മടക്കി നൽകിയ കൗൺസിലർമാർ പണത്തെ കുറിച്ച് പറയുന്നത് ദൃശ്യങ്ങളിലുണ്ട്.
ഓണക്കോടി വാങ്ങാൻ എന്നുപറഞ്ഞാണ് പണം നൽകിയിരുന്നതെന്ന് ഇവർ പറയുന്നു. 2000 രൂപ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, തുറന്നു നോക്കിയപ്പോഴാണ് 10,000 രൂപയുണ്ടെന്ന് കണ്ടത്. ഇത് വഴിവിട്ട സംഭവമാണ് തൽക്കാലം ഞങ്ങൾക്കിത് വേണ്ട എന്നും കൗൺസിലർമാർ വ്യക്തമാക്കുന്നുണ്ട്. ഇവിടുന്ന് പണം നൽകിയിട്ട് ഇവിടുന്ന് തന്നെ പത്രക്കാരെ വിളിച്ചു പറഞ്ഞുവെന്നും സ്പെഷൽ ഫോഴ്സ് അടക്കമുള്ളവർ തങ്ങളെ വിളിച്ചുവെന്നും ചെയർപേഴ്സനോട് കൗൺസിലർമാർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം.
നേരത്തേ പണം അടങ്ങിയതെന്ന് കരുതുന്ന കവറുകൾ എൽ.ഡി.എഫ് അംഗങ്ങൾ അധ്യക്ഷക്ക് നൽകുന്നതിെൻറ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
എന്നാൽ, പണമായിരുന്നില്ല പരാതികളാണ് കവറിലിട്ട് അവർ തനിക്ക് തന്നതെന്നായിരുന്നു അജിതയുടെ വാദം. പിന്നീട് ഭരണകക്ഷിയിൽപെട്ട മറ്റു മൂന്ന് കൗൺസിലർമാരും പണം നൽകിയിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്ന ശബ്ദ ദൃശ്യരേഖകളും പുറത്തു വന്നിരുന്നു.
സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. എന്നാൽ, തൃക്കാക്കരയിൽ പണം നൽകിയിട്ടില്ലെന്നും കോൺഗ്രസിലെ ഗ്രൂപ് വഴക്കിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്നുമായിരുന്നു നിയുക്ത ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായ അന്വേഷണ കമീഷൻ കണ്ടെത്തിയത്. പാർട്ടി ക്ലീൻ ചിറ്റ് ലഭിച്ചതോടെ വിവാദം കെട്ടടങ്ങുന്നതിനിടെയാണ് വിജിലൻസ് പരിശോധന നടന്നതും പുതിയ ദൃശ്യങ്ങൾ പുറത്തു വന്നതും.
പരാതിയിൽ കഴമ്പുണ്ടെന്ന് വിജിലൻസ്
കാക്കനാട്: തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തിൽ പ്രാഥമിക പരിശോധനയിൽ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് സൂചിപ്പിക്കുന്നതായി വിജിലൻസ്. ചെയർപേഴ്സനെതിരെ കേസെടുക്കാനുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചതായാണ് പരിശോധന റിപ്പോർട്ടിലുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് അന്വേഷണ സംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചത്.
നഗരസഭ കാര്യാലയത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ അധ്യക്ഷയുടെ ചേംബറിൽനിന്ന് എട്ട് കൗൺസിലർമാർ പോസ്റ്റൽ കവറുകളുമായി മടങ്ങുന്നത് വ്യക്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പകുതിയിലധികം പേരും വിജിലൻസിന് പരാതി നൽകിയവരിൽ പെട്ടവരാണ്. ഇവർ കവറുകൾ തിരിച്ച് നൽകുകയും ചെയ്തിരുന്നു. മറ്റു കൗൺസിലർമാരുടെ കാര്യത്തിൽ ഡിജിറ്റൽ ഫോറൻസിക് പരിശോധന നടത്താനാണ് വിജിലൻസ് തീരുമാനം. വെള്ളിയാഴ്ച മണിക്കൂറുകളോളമെടുത്ത് വിജിലൻസ് സംഘം നഗരസഭ കാര്യാലയത്തിൽ നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതനുസരിച്ച് കേസെടുത്ത് വിശദമായ അന്വേഷണത്തിന് അനുമതി നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസെടുത്തശേഷം മാത്രമേ അധ്യക്ഷയുടെയും കൗൺസിലർമാരുടെയും മൊഴി എടുക്കുന്നത് ഉൾെപ്പടെയുള്ള തുടർ നടപടികൾ ആരംഭിക്കാനാകൂ എന്നതിനാൽ അനുമതി ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ.
ഓണസമ്മാനമായി കൗൺസിലർമാർക്ക് 10,000 രൂപ വീതം നൽകിയെന്നും ഇതിെൻറ ഉറവിടം അന്വേഷിക്കണമെന്നുമായിരുന്നു പ്രതിപക്ഷം നൽകിയ പരാതി. അധ്യക്ഷക്കെതിരെ കേസെടുത്താൽ ഇതിന് വേണ്ടി വന്ന 4,30,000 രൂപയുടെ ഉറവിടവും വിജിലൻസ് സംഘം അന്വേഷിക്കും. മറ്റാരെങ്കിലും നൽകിയതാണെങ്കിൽ എന്തെങ്കിലും കാര്യസാധ്യത്തിന് ലഭിച്ചതാണോ എന്നും അന്വേഷിച്ച് അഴിമതി നിരോധന നിയമപ്രകാരം അവർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.
അതിനിടെ മൂന്ന് കോൺഗ്രസ് കൗൺസിലർമാർ അധ്യക്ഷക്ക് പണം മടക്കി നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അവർ തന്നെ മൊബൈൽ കാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്തോ പരിപാടി നടത്തിയതിന് കിട്ടിയ പണമാണെന്ന് കൗൺസിലർമാർ തന്നെ പറയുന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.