യു.ഡി.എഫ് കൗൺസിലർമാരെ മാത്രം വിളിച്ച് തൃക്കാക്കര നഗരസഭയിൽ സ്ഥിരം സമിതി യോഗം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ കൗൺസിൽ ഹാളിൽ കൗൺസിലർമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഴുവൻ സ്ഥിരം സമിതി അംഗങ്ങളെയും അറിയിക്കാതെ പൊതുമരാമത്ത് കമ്മിറ്റിയുടെ യോഗം ചേർന്നതിനാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചത്.
നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സോമി റെജി എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ ഏഴ് അംഗങ്ങളുള്ള സമിതിയിൽ യു.ഡി.എഫ് പക്ഷെത്ത മൂന്നുപേരെ മാത്രമേ അറിയിച്ചിരുന്നുള്ളൂ.
വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് കൗൺസിൽ ഹാളിൽ യോഗം ചേർന്നത്. പൊതുമരാമത്ത് വിഭാഗത്തിന് കീഴിലെ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനായിരുന്നു യോഗം. സ്ഥിരം സമിതി അംഗങ്ങളായ ഷാജി വാഴക്കാല, എം.ഒ. വർഗീസ്, ഇ.പി. കാദർകുഞ്ഞ് എന്നിവർ പങ്കെടുത്ത യോഗത്തെക്കുറിച്ച് എൽ.ഡി.എഫ് കൗൺസിലർമാരായ ജിജോ ചിങ്ങംതറ, ആര്യ ബിബിൻ, റസിയ നിഷാദ് എന്നിവർ അറിഞ്ഞില്ല.
കൗൺസിലർമാർക്ക് പുറെമ എൻജിനീയറിങ് വിഭാഗത്തിലെ 15ഓളം ജീവനക്കാരും യോഗത്തിൽ പങ്കെടുത്തിരുന്നു. വിവരമറിഞ്ഞ് കൗൺസിൽ ഹാളിൽ എത്തിയ മൂന്നുപേരും നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവർക്ക് അനുകൂലമായി മറ്റ് എൽ.ഡി.എഫ് കൗൺസിലർമാരും രംഗത്തെത്തിയതോടെ യോഗം നടത്താനാകാതെ പിരിയേണ്ടി വന്നു.
ഇത്തരത്തിൽ യോഗം നടത്തിയത് അഴിമതി നടത്താനാണെന്നും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത് ഭീഷണിപ്പെടുത്തി അഴിമതിക്ക് എതിരു നിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണെന്നും ജിജോ ചിങ്ങംതറ പറഞ്ഞു. പലതവണ ഇത് ആവർത്തിച്ചിട്ടുണ്ടെന്നും ഈ ഭരണസമിതി വന്ന ശേഷമുണ്ടായ പല അഴിമതികളും പിറന്നത് ഇത്തരം യോഗങ്ങളിലായിരുന്നു എന്നും കൂട്ടിച്ചേർത്തു.
അതേസമയം, അനൗദ്യോഗിക യോഗമാണ് ചേർന്നതെന്നും അതിൽ എല്ലാ കൗൺസിലർമാരെയും വിളിക്കേണ്ടതില്ലെന്നും പൊതുമരാമത്ത് നിരീക്ഷണ സമിതി ചെയർമാൻ ഷാജി വാഴക്കാല വ്യക്തമാക്കി. യോഗം നടത്തിയതിനെതിരെ ഒരു വിഭാഗം യു.ഡി.എഫ് കൗൺസിലർമാരും രംഗത്ത് വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.