തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് 10 കോടി
text_fieldsതൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് 10 കോടിതൃപ്പൂണിത്തുറ: അമൃത് ഭാരത് പദ്ധതിയില്‍പെടുത്തി പത്തരക്കോടി തൃപ്പൂണിത്തുറ റെയിവേ സ്റ്റേഷന് അനുവദിച്ചതായി ഹൈബി ഈഡന് എം.പി. റെയില്‍വേ സാങ്കേതിക വിദഗ്ധരുടെ സംഘം തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച് നവീകരണ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതില്‍ അഞ്ചുകോടി പുതിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പണിയാൻ വിനിയോഗിക്കും. നിലവിലുള്ളതോ പുതിയതോ ആയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് മെട്രോ സ്റ്റേഷനുമായി റെയില്‍വേ യാത്രക്കാരെ ബന്ധിപ്പിക്കുന്നതായിരിക്കും.
അത്യന്താധുനിക സ്കൈ വാക്ക് സംവിധാനമാണ് ലക്ഷ്യമിടുന്നത്. ബാക്കിയുള്ള അഞ്ചരക്കോടി വിനിയോഗിച്ച് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് പരിസരത്തും ചുറ്റിലുമായി പ്രകാശ വിതാനങ്ങള്‍ ഏര്‍പ്പെടുത്താനും നിലവിലെ റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗം പുതുക്കിപ്പണിത് മുഖച്ഛായ മാറ്റാനും മഴയും വെയിലും ഏല്ക്കാതെ യാത്രികര്‍ക്ക് സ്റ്റേഷനകത്തേക്ക് പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ടൈല്‍ വിരിക്കാനും പ്ലാറ്റ് ഫോം ഷെല്‍ട്ടറുകള്‍ നീട്ടാനും പദ്ധതിയുണ്ട്. വയോധികർക്കും അംഗപരിമിതര്‍ക്കും യാത്ര പ്രയാസകരമാക്കുന്ന പ്ലാറ്റ് ഫോം, ട്രെയിന്‍ എന്നിവ തമ്മിലുള്ള ഉയര വ്യത്യാസം പരിഹരിക്കുന്നതിന് മുന്‍ഗണന നൽകാന് സംയുക്ത പരിശോധനയില്‍ തീരുമാനമായി.
കെ. ബാബു എം.എല്‍.എ, സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എസ്.എം. ശര്‍മ, ഇലക്ട്രിക്കല്‍, ഏരിയ മാനേജര്‍ പരിമളന്‍, എൻജിനീയറിങ്, ഭരണവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.