ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്; ഗതാഗതം മുടങ്ങിയതോടെ അങ്കലാപ്പിലായി സ്കൂൾ വിദ്യാർത്ഥികളും
text_fieldsഇരുമ്പനത്ത് അപകടത്തിൽപെട്ട വാഹനങ്ങൾ
തൃപ്പൂണിത്തുറ: സീപോർട്ട് - എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് ടൂറിസ്റ്റ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ടാങ്കർ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ഗോകുൽ (27), ഓട്ടോ ഡ്രൈവർ ജീവൻലാൽ എന്നിവർ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ ബസ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി സിബിനും ചികിത്സ തേടി. വ്യാഴാഴ്ച ഉച്ചക്ക് 12.15 ഓടെയാണ് അപകടം. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാന്റിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ കാക്കനാട് ഭാഗത്തുനിന്ന് വന്ന ബസ് അതേ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് പറയപ്പെടുന്നു.
ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് അപകടത്തിൽപെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്ന് നീക്കിയത്. ഇരുമ്പനം സീപോർട്ട്-എയർപോർട്ട് റോഡിൽ നട്ടുച്ച നേരത്തുണ്ടായ അപകടം യാത്രക്കാരെ വലച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ച് നടുറോഡിലായതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു.
വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ കടന്ന് കളമശ്ശേരി വരെയെത്തി. കാക്കനാടുഭാഗത്തുനിന്ന് ഇരുമ്പനം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലുള്ള സ്കൂളുകളിൽ പരീക്ഷയെഴുതാനെത്തിയ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ഏറെ അങ്കലാപ്പിലായത്. ഒരു മണിക്ക് സ്കൂളിലെത്തേണ്ട കുട്ടികൾ സമയം വൈകിയതോടെ ബ്ലോക്കിൽപെട്ട ബസുകളിലിരുന്ന് കരയാൻ തുടങ്ങി. ഇവരുടെ വിഷമം ശ്രദ്ധയിൽപെട്ട യാത്രക്കാരും മറ്റുള്ളവരും പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് പൊലീസ് മുൻകൈയെടുത്ത് കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ അപകടസ്ഥലത്തെത്തിച്ച് മറുവശത്തേക്ക് നടത്തി വാഹനങ്ങളിൽ കയറ്റി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് മൂന്ന് മണിക്കൂറോളം നീണ്ടു. ക്രെയിനുകളെത്തിച്ച് അപകടത്തിൽപെട്ട വാഹനങ്ങൾ റോഡരികിലേക്ക് നീക്കി മാറ്റി ഉച്ചക്ക് 2.45ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.