സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപം
text_fieldsഉദയംപേരൂർ പഞ്ചായത്ത് 19ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ
തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 19ാം വാർഡിൽ കടുംതോട്ടിൽ പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അനുമതിയില്ലാതെ പഞ്ചായത്തിന്റെ മാലിന്യശേഖരണ കേന്ദ്രമാക്കിയെന്ന് പരാതി.മാലിന്യം സംഭരിക്കാനെന്ന പേരിൽ ഹരിത കർമസേനയുടെ മിനി എം.സി.എഫ് പറമ്പിലേക്കുള്ള റോഡിൽ അർധരാത്രി സ്ഥാപിച്ചിരുന്നു.
തുടർന്ന് വീടുകളിൽ നിന്ന് ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ അടക്കമുള്ള മാലിന്യം ഇതിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിടുകയുമാണ്. പറമ്പ് നോക്കാൻ കളമശ്ശേരി സ്വദേശിയായ ഉടമസ്ഥൻ സ്ഥലത്തെത്തിയപ്പോഴാണ് മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് എത്രയും വേഗം പറമ്പിലേക്കുള്ള വഴിയിൽ തടസ്സം സൃഷ്ടിക്കുന്ന മിനി എം.സി.എഫ് മാറ്റുന്നതിനും നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്യുന്നതിനും വാർഡ് മെമ്പറോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നവർ മാലിന്യ നിക്ഷേപം സംബന്ധിച്ച് പലതവണ വാർഡ് അംഗത്തോട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ല. അദ്ദേഹം മാലിന്യം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിക്ഷേപിക്കാൻ ഒത്താശ ചെയ്യുകയാണെന്ന് സമീപവാസിയായ വീട്ടുകാർ ആരോപിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ഇവർ പരാതി നൽകിയെങ്കിലും ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് മാലിന്യ നിക്ഷേപത്തെ ന്യായീകരിക്കുന്ന മറുപടിയാണ് ലഭിച്ചത്. ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കാമ്പയിൻ നടന്നുവരുന്നതിനിടെയാണ് പഞ്ചായത്ത് തന്നെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം കൂട്ടിയിടുന്നത്.
സംഭവത്തിൽ സമീപവാസി ജില്ല കലക്ടർക്കും പരാതി നൽയതിനെത്തുടർന്ന് അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനോട് നിർദേശിച്ചെങ്കിലും ഇതുവരെ മാലിന്യം നീക്കാൻ തയ്യാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.