നഴ്സിങ് ഓഫിസറെ ആക്രമിച്ചതിൽ പ്രതിഷേധം; ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്കരിച്ചു
text_fieldsതൃപ്പൂണിത്തുറ: മദ്യലഹരിയിൽ വനിത സി.പി.ഒയെ ആക്രമിച്ച പ്രതിയെ വൈദ്യപരിശോധനക്ക് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിങ് ഓഫിസറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 10.30 മുതൽ 11 വരെ ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്കരിച്ചു.
24 മണിക്കൂറും എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുക, ആശുപത്രി ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ആശുപത്രിക്കും ഉപകരണങ്ങൾക്കും സുരക്ഷയൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പൊലീസിന്റെ ഗുരുതര അനാസ്ഥയാണ് പ്രതി നഴ്സിങ് ഓഫിസറെ അക്രമിക്കാൻ കാരണമെന്നും ഇത്തരത്തിൽ കുഴപ്പക്കാരനായ പ്രതിയാണെന്ന് പൊലീസ് ഒരുസൂചന പോലും നൽകിയില്ലെന്നും സമരക്കാർ ആരോപിച്ചു. തലനാരിഴക്കാണ് ഒരു നഴ്സിന്റെ ജീവൻ രക്ഷപ്പെട്ടത്.
മൂന്നുതവണ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സേവനം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഈ സമരം സൂചന മാത്രമാണെന്നും ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം സൂപ്രണ്ടിന്റെ കാബിൻ സാമൂഹികവിരുദ്ധർ തകർക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകൾ സഹിതം പൊലീസിന് നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നും സമരക്കാർ പറഞ്ഞു.
15 മിനിറ്റോളം നഗരത്തിൽ അക്രമാസക്തനായ പ്രതിയെ തടയാൻ ആരും തയാറായില്ല. ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരിയെ ആക്രമിക്കുന്നത് ആളുകൾ നോക്കിനിൽക്കുകയായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. പി. സുമ, ലേ സെക്രട്ടറി സുനിൽ കുമാർ, ആർ.എം.ഒ ഡോ. പി. പൂർണിമ, ഡോ. കണ്ണൻ ടി. രാജ്, എൻ.ജി.ഒ യൂനിയൻ ഭാരവാഹി സഞ്ജു മോഹൻ, കെ.ജി.എൻ.എ ജില്ല സെക്രട്ടറി സ്മിത ബക്കർ തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, പൊലീസുകാരിയെയും നഴ്സിനെയും ആക്രമിച്ച കേസിൽ പ്രതിയായ കുരീക്കാട് പാത്രയിൽ പി.എസ്. മാധവനെ (64) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.