നിർമാണത്തിലിരുന്ന വീട്ടുവളപ്പിൽനിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി
text_fieldsതൃപ്പൂണിത്തുറ: കണ്ണൻകുളങ്ങരയിൽ നിർമാണത്തിലിരിക്കുന്ന വീട്ടുവളപ്പിൽനിന്ന് ദുരൂഹസാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കണ്ണൻകുളങ്ങര ശ്രീനിവാസൻ കോവിൽ റോഡിൽ കാഞ്ഞിരമറ്റം കുലയത്തിക്കര മറ്റംകണ്ടത്തിൽ കെ.ജെ. കിഷോർ കുമാറിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 9.30ഓടെ തൊഴിലാളികൾ ചപ്പുചവറുകൾ നീക്കി വൃത്തിയാക്കുന്നതിനിടയിലാണ് കറുത്ത മാലിന്യ കവർ കണ്ടത്. വിറകുകൂനകളുടെയും ചപ്പുചവറുകളുടെ ഇടയിൽ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. തൊഴിലാളികൾ ഉടമയെ അറിയിക്കുകയും തുടർന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. ഒരുവർഷം മുമ്പാണ് സമീപവാസിയായ ബാലകൃഷ്ണനിൽനിന്ന് കിഷോർ ഭൂമി വാങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ വീട് നിർമാണം ആരംഭിച്ചെങ്കിലും ഇടക്ക് നിർമാണം നിലച്ചു.
പിന്നീട് ഡിസംബർ 17ന് പുനരാരംഭിക്കുകയായിരുന്നു. ഫോറൻസിക് സയന്റിഫിക് ഓഫിസർ ധനേഷ് ബാബു, പ്രിൻസിപ്പൽ എസ്.ഐ രേഷ്മ, എന്നിവർ പരിശോധന നടത്തി. കളമശ്ശേരിയിലെ ലാബിലേക്ക് തലയോട്ടിയും അസ്ഥികളും മാറ്റി. വിദഗ്ധ പരിശോധനക്ക് ശേഷമേ പുരുഷന്റേതാണോ സ്ത്രീയുടെതാണോ എന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കവറിൽ പൊതിഞ്ഞ് ഇവിടെ കൊണ്ടുവന്ന് ഇട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വീടിനായി മണ്ണ് അടിച്ചപ്പോൾ കൂട്ടത്തിൽ എത്തിയതാകാമെന്നുള്ള സംശയവുമുണ്ട്. ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. കാണാതായ ആളുകളെക്കുറിച്ചുള്ള കേസിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ ഹിൽപാലസ് സി.ഐ പി.എച്ച്. സമീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.