പേട്ടയില്‍ ഫര്‍ണീച്ചര്‍ കടയ്ക്കു തീപിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത
text_fieldsതൃപ്പൂണിത്തുറ: പേട്ട-മരട് റോഡില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചര്‍ കട കത്തി ഒരാള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം ഒരു വര്‍ഷമായി വാടകക്ക് താമസിക്കുന്ന തൊട്ടിയില്‍ പ്രസന്നന്‍(45) ആണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. എന്തിനാണ് പ്രസന്നന്‍ ഈ കടയില്‍ പുലര്‍ച്ചെ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലോട്ടറി കച്ചവടം നടത്തി ജീവിച്ചിരുന്നയാളാണ് പ്രസന്നന്‍. തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രസന്നനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
തീപിടുത്തത്തില്‍ കടയ്ക്കു മുന്‍വശത്തായി നിര്‍ത്തിയിട്ടിരുന്ന ബൊലേറോ കാറും കടയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. പേട്ട-മരട് റോഡില്‍ ഗാന്ധിസ്‌ക്വയറിനു സമീപത്തെ സെക്കന്‍ഡ് ഹാന്റ് ഫര്‍ണീച്ചറുകള്‍ വില്‍ക്കുന്ന ഹോം ടെക് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തൃപ്പൂണിത്തുറ വൈമീതി റോഡില്‍ ഷാമി മഹലില്‍ സുനീറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സുനീറും കുടുംബവും വാടകയ്ക്ക് താമസിക്കുന്നതും. അതേസമയം ആരാണ് മരിച്ചതെന്ന് സുനീറിനും കുടുംബത്തിനും മനസ്സിലായിരുന്നില്ല. തങ്ങളുടെ കൂട്ടത്തിലുള്ള ആരുമല്ലെന്നും ആരാണ് അകത്ത് കയറിയതെന്ന് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. തീപിടുത്തത്തിന് കാരണവും വ്യക്തമായിട്ടില്ല. രണ്ടു വര്‍ഷത്തോളമായി സുനീറും ഭാര്യ ഹസീന, മക്കളായ അഫീഫ, ഷംദി എന്നിവരും മുകള്‍ നിലയില്‍ താമസം തുടങ്ങിയിട്ട്. തൃപ്പൂണിത്തുറ സ്വദേശി രാജീവിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പുലര്‍ച്ചെ ആറു മണിയോടെ വീടിനകത്തേക്ക് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നോക്കിയപ്പോഴാണ് തീപിടുത്തമുണ്ടായതാണെന്ന് മനസ്സിലായതെന്ന് ഭാര്യ ഹസീന പറഞ്ഞു.
അപകടമുണ്ടായ സമയം സുനീര്‍ വീട്ടിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ഹസീനയെയും മക്കളെയും പുറത്തെത്തിച്ചത്. എന്നാല്‍ ആരും തന്നെ കടയില്‍ ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആളപായമില്ലെന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ ധാരണ. എന്നാല്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ശേഷമാണ് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മരിച്ചത് പ്രസന്നന്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അസ്വാഭാവിക മരണത്തിന് മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.